ലീഗിന്റെ വോട്ടുബാങ്കായ സമസ്തയിലെ ഒരു വിഭാഗം സി.പി.എമ്മുമായി അടുക്കുന്നു

മലപ്പുറം: മുസ്ലീം ലീഗിന്റെ എക്കാലത്തെയും ഉറച്ചവോട്ടുബാങ്കായ സമസ്ത ഇ.കെ വിഭാഗം സുന്നി നേതൃത്വത്തിലെ ഒരു വിഭാഗം ലീഗുമായി ഇടഞ്ഞ് സി.പി.എമ്മിനോട് അടുക്കുന്നു.

സമസ്തയെ അപമാനിച്ച മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കരുവാരക്കുണ്ട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലിക്കെതിരെ കണ്‍വന്‍ഷന്‍ വിളിച്ച സമസ്ത യുവജനവിഭാഗം നേതാവ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയാണ് സമസ്തയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്.

ലീഗിന്റെ വിടുപണിചെയ്ത് ആട്ടുംതുപ്പും ഏല്‍ക്കാതെ സംഘടനയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന വികാരം നേതൃത്വത്തില്‍ ശക്തമാണ്. സമസ്തയിലെ ജനകീയ നേതാവും പണ്ഡിതനുമായ ഹമീദ് ഫൈസിക്കെതിരെ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ധൃതിപ്പെട്ട് എടുത്ത തീരുമാനത്തിനെതിരെ സമസ്ത നേതാക്കള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ചില പ്രാദേശിക നേതാക്കള്‍ രാജി സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

സമസ്തയുടെ പരമോന്നത സഭയായ മുശവറ കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ അതില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാതെയാണ് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അബ്ദുല്‍ഹമീദ് ഫൈസിയെ സ്ഥാനത്തുനിന്നും നീക്കിയതായി പത്രക്കുറിപ്പ് ഇറക്കിയത്. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍പോലും അറിയാതെയായിരുന്നു ഈ നടപടി.

വര്‍ഗീയ ഫാസിസത്തെ നേരിടുന്ന വിഷയത്തില്‍ സി.പി.എമ്മാണ് കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെന്ന് ഹമീദ് ഫൈസിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അതിനാല്‍ സമസ്തയിലെ പൊട്ടിത്തെറി പ്രതീക്ഷയോടെയാണ് സി.പി.എം നേതൃത്വം നോക്കികാണുന്നത്.

ജില്ലാ പഞ്ചായത്തിലേക്ക് കരുവാരകുണ്ട് ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന ടി.പി. അഷ്‌റഫലിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ സമസ്ത പ്രാദേശിക നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഷ്‌റഫലി സമസ്ത പണ്ഡിതന്മാര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതാണ് സമസ്തയെ പ്രകോപിപ്പിച്ചത്. അന്നുമുതല്‍ അഷ്‌റഫലിക്കെതിരെ കരുക്കള്‍ നീക്കിയ സമസ്ത, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന അവസരം മുതലാക്കി എതിര്‍പ്പ് രൂക്ഷമാക്കി.

കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് അധ്യാപകന്‍ കൂടിയായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ആശിര്‍വാദത്തോടെയായിരുന്നു സമസ്ത പ്രാദേശിക നേതൃത്വത്തിന്റെ നീക്കം.

യു.ഡി.എഫില്‍ വിള്ളലുണ്ടാവുകയും കോണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍ കരുവാരകുണ്ട് ഡിവിഷനില്‍ മത്സരത്തിന് ഇറങ്ങുകയും ചെയ്തതോടെ അഷ്‌റഫലി ശരിക്കും വിയര്‍ത്തു. ഇടതുപക്ഷമാവട്ടെ ഇവിടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മാത്യുസെബാസ്റ്റ്യന് പിന്തുണയും നല്‍കി.

സമസ്തയുടെ എതിര്‍പ്പ് അഷ്‌റഫലിയുടെ ജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്ന് മനസ്സിലാക്കി പ്രശ്‌ന പരിഹാരത്തിനായി ലീഗ് പ്രാദേശിക നേതാക്കള്‍ സമസ്ത നേതാക്കളുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും എതിര്‍പ്പിന് ശമനമുണ്ടായില്ല. അവസാനം നടന്ന ചര്‍ച്ചയില്‍ പണ്ഡിതന്മാരെ തള്ളിപ്പറഞ്ഞതിന് അഷ്‌റഫലി മാപ്പ് പറയണമെന്ന് ധാരണയായി.

ഇതുപ്രകാരം സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്ക് അഷ്‌റഫലി അയച്ച കത്തില്‍ സമസ്തയുമായി നല്ല ബന്ധമാണെന്ന് പറയുകയല്ലാതെ മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തില്‍ വോട്ടെടുപ്പിന്റെ തലേദിവസമായ ബുധനാഴ്ച രാവിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചത്.

നൂറോളം പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഇതിനെതിരെ മുസ്ലിം ലീഗ് നേതൃത്വം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോട് പരാതിപ്പെട്ടു. തുടര്‍ന്നാണ് ഹമീദ് ഫൈസിയെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്.

നടപടി റദ്ദാക്കി ഫൈസിയെ ഭാരവാഹിത്വത്തില്‍ തിരികെ എത്തിക്കണമെന്ന് സമസ്തയിലെ മുതിര്‍ന്ന പണ്ഡിതര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിന്റെ പോഷകസംഘടനയും വോട്ടുബാങ്കുമായി പണ്ഡിതസഭയെ മാറ്റരുത് എന്ന നിലപാടാണ് ഇവര്‍ ഉയര്‍ത്തുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പോലും തള്ളിയ ശക്തിയാണ് സമസ്ത.

രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദിനെ കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ സമസ്ത പിന്തുണച്ച പി.വി അബ്ദുല്‍വഹാബിനാണ് ലീഗ് നേതൃത്വം രാജ്യസഭാ സീറ്റു നല്‍കിയത്.

Top