ലീഗിന്റെ ഭീഷണിക്ക് വഴങ്ങി കെ.എസ്.യു; വിദ്യാഭ്യാസ ബന്ദ് പിന്‍വലിച്ച്‌ കീഴടങ്ങി

തിരുവനന്തപുരം: ഓണപ്പരീക്ഷ അടുത്തിട്ടും സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് മാറ്റിവച്ചത് മുസ്ലീം ലീഗിന്റെ ഭീഷണി ഭയന്ന്.

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തി ആളാകാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിലെ മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍ക്കെതിരെ എം.എസ്.എഫിനെയും യൂത്ത് ലീഗിനെയും രംഗത്തിറക്കുമെന്നായിരുന്നു ലീഗിന്റെ ഭീഷണി.

സര്‍വകലാശാലകളിലെ സെനറ്റ്, സിന്‍ഡിക്കറ്റ് പ്രതിനിധികളായി കെ.എസ്.യു നേതാക്കളെ നോമിനേറ്റു ചെയ്യാനോ വോട്ടെടുപ്പില്‍ വോട്ടു ചെയ്യാനോ തയ്യാറാകില്ലെന്ന ശക്തമായ മുന്നറിയിപ്പും ലീഗ് നല്‍കി.

കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ എം.എസ്.എഫ്- കെ.എസ്.യു സഖ്യമാണ് ഭരിക്കുന്നത്. എം.എസ്.എഫ് സഹായിച്ചില്ലെങ്കില്‍ വരുന്ന സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് വിജയിക്കാനാവില്ല. ഇതോടെയാണ് ലീഗ് ഭീഷണിയില്‍ ഭയന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദില്‍ നിന്നും പിന്‍മാറിയത്.

മുഖ്യമന്ത്രി ചര്‍ച്ചക്കുവിളിച്ചു എന്ന ന്യായം പറഞ്ഞായിരുന്നു സമര പിന്‍മാറ്റം. എന്നാല്‍ ലീഗ് ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയോട് ചര്‍ച്ചക്ക് കെ.എസ്.യു നേതാക്കള്‍ സമയം ചേദിക്കുകയായിരുന്നു.

വിവാഹിതനായാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന കീഴ്‌വഴക്കം ലംഘിച്ച് കെ.എസ്.യു പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന വി.എസ് ജോയിയോട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും താല്‍പര്യമില്ല.

സംഘടനാ തെരഞ്ഞെടുപ്പില്‍ ‘എ’ ഗ്രൂപ്പ് നോമിനിയായാണ് വി.എസ് ജോയി പ്രസിഡന്റായതെങ്കിലും അരുവിക്കര തെരഞ്ഞെടുപ്പില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജോയി രംഗത്തുവന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ പ്രചരണനേതൃത്വം ഏറ്റെടുത്തപ്പോഴായിരുന്നു ജോയിയുടെ വിമത സ്വരം.

അരുവിക്കരയില്‍ നടക്കുന്നത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ലെന്നു പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ശക്തമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ സമരത്തിന് ശക്തിപകരാനാണ് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനമെന്ന വിലയിരുത്തലാണ് കെ.പി.സി.സി നേതൃത്വത്തിനുള്ളത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലീഗുമായുള്ള മുന്നണി ബന്ധം വഷളാക്കരുതെന്ന നിലപാട് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെയും കെ.എസ്.യു നേതൃത്വത്തെയും അറിയിച്ചിരുന്നു.

വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൈയടി നേടിയ കെ.എസ്.യു പക്ഷേ സമരം പിന്‍വലിച്ചതോടെ നാണംകെട്ടിരിക്കുകയാണ്. കെ.എസ്.യുവിന്റെ ഇരട്ടത്താപ്പ് എസ്.എഫ്.ഐ പ്രചരണായുധമാക്കുന്നതും സംഘടനക്ക് കോളജ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും.

Top