ലീഗിനെ മെരുക്കാന്‍ അറബിക്‌ സര്‍വകലാശാല അനുവദിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ ഭീഷണിക്ക് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം മാണിയും വഴങ്ങിയതോടെ അറബിക് സര്‍വകലാശാല രൂപീകരണത്തിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അനുമതി നല്‍കുമെന്ന് സൂചന.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലീഗിനെ വരുതിയിലാക്കാന്‍ കൂടിയാണ് എതിര്‍പ്പ് മാറ്റിവെച്ച് അറബിക് സര്‍വകലാശാലക്ക് പച്ചക്കൊടി കാട്ടാന്‍ ധാരണയായത്.

അറബിക് സര്‍വകലാശാല വൈകുന്നതില്‍ പ്രതിഷേധിച്ച് ധന മന്ത്രി കെ.എം മാണി, ചീഫ് സെക്രട്ടറി ജിജിതോംസണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി അബ്രഹാം എന്നിവര്‍ക്കെതിരേ മുസ്ലീം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങിരുന്നു.

നിര്‍ണായകമായ രണ്ട് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ യു.ഡി.എഫിനെ പിന്‍തുണക്കുന്ന പ്രബലവിഭാഗത്തെ പിണക്കുന്നത് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിഷയം കാബിനറ്റില്‍ കൊണ്ടുവരുന്നത്.

അന്താരാഷ്ട്ര അറബിക് സര്‍വകലാശാല വൈകുന്നതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ ഏഴിനു കോഴിക്കോട്ടൈ മുസ്ലീം സംഘടനകളുടെ സംയുക്ത സമരപ്രഖ്യാപന പരിപാടി വിളിച്ചുചേര്‍ത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

വ്യത്യസ്ത ആശയങ്ങളും നിലപാടുകളുമുള്ള വിവിധ മുസ്ലീം സംഘടനകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍വകലാശാല വിഷയത്തില്‍ കോഴിക്കോട് ഒരു മേശക്ക്ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യുകയും സംയുക്ത പ്രക്ഷോഭത്തിന് തീരുമാനിക്കുകയും ചെയ്തിരുന്നു.

മാണി, ജിജിതോംസണ്‍, അബ്രഹാം കൂട്ടുകെട്ടിന്റെ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് കൂട്ടുനിന്നാല്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഷോക് ട്രീറ്റ്‌മെന്റ് നല്‍കണമെന്ന വികാരം മുസ്ലീം സംഘടനകളില്‍ ശക്തമായ സാഹചര്യത്തിലാണ് സംഘടനാനേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്നത്. സമുദായത്തോട് കാണിക്കുന്ന അനീതികള്‍ക്കെതിരേ മുഖംനോക്കാതെ പ്രതികരിക്കണമെന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, മുജാഹിദ് സംഘടനകള്‍, ജമാഅത്തെ ഇസ്ലാമി, കാന്തപുരം സുന്നി വിഭാഗം, വിവിധ മുസ്ലീം സര്‍വീസ് സംഘടനകള്‍ എന്നിവയുടെ നേതാക്കളാണ് കോഴിക്കോട് യോഗം ചേര്‍ന്നത്. ധനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ പിന്‍തുണയുണ്ടെന്നും യോഗം വിലയിരുത്തി.

അറബിക് സര്‍വകലാശാലയുടെ അനുമതി പരമാവധി നീട്ടിക്കൊണ്ടുപോകുകയും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അനുമതി പ്രഖ്യാപിക്കുകയും ഫലത്തില്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കലുമാണ് സര്‍വകലശാലയെ എതിര്‍ക്കുന്നവരുടെ നീക്കം.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി പ്രഖ്യാപിച്ച നരേന്ദ്രന്‍ പാക്കേജ് വിദഗ്ധമായി നീട്ടിക്കൊണ്ടുപോയി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ നാടകീയമായി പ്രഖ്യാപനമുണ്ടാകുകയും എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ സമുദായത്തെ വഞ്ചിക്കുകയും ചെയ്ത അനുഭവം സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രസ്തുത പാക്കേജില്‍ പ്രഖ്യാപിച്ച ബാക്ക്‌ലോഗ് ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ക്കും തുടക്കമാകും.

പിന്നീട് അധികാരത്തില്‍ വരുന്നത് യു.ഡി.എഫ് സര്‍ക്കാരല്ലെങ്കില്‍ അറബിക് സര്‍വകലാശാല നടപ്പിലാക്കുക ഇടതുമുന്നണി സര്‍ക്കാരായിരിക്കും.

അങ്ങനെ വന്നാല്‍ ലീഗിന് സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന എതിര്‍പ്പ് ഭാവനക്കും അപ്പുറമായിരിക്കുമെന്നും ലീഗ് നേതൃത്വവും ഭയക്കുന്നുണ്ട്.

മുന്നണി മര്യാദയുടെ പേരില്‍ ഇനിയും സംയമനം പാലിക്കേണ്ടതില്ലെന്ന വികാരം ലീഗില്‍ തന്നെ വളര്‍ന്നുവന്നിട്ടുണ്ട് എന്നതിനാല്‍ പ്രത്യക്ഷ പ്രക്ഷോഭത്തില്‍ ലീഗിനും ഭാഗഭാക്കാകേണ്ടിവരുന്ന സാഹചര്യമുണ്ട്.

അല്ലാത്ത പക്ഷം രാഷ്ടീയ പാര്‍ട്ടിയുമായി രംഗത്തുള്ള ജമാഅത്തെ ഇസ്ലാമിയും ഇടതുമുന്നണിയുമായിരിക്കും നേട്ടമുണ്ടാക്കുകയെന്നതും ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്.

അറബിക് സര്‍വകലാശാല പ്രഖ്യാപനത്തോടെ കലാപക്കൊടി ഉയര്‍ത്തിയ മുസ്ലീം സംഘടനകളെയും സര്‍ക്കാരിന് അനുകൂലമാക്കാനാവും എന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Top