ലാവ്‌ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ ഉടന്‍ ഫയല്‍ ചെയ്യുമെന്ന് കുമ്മനം രാജശേഖരന്‍

Kummanam rajasekharan

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ ഉടന്‍ ഫയല്‍ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഫയല്‍ അറ്റോര്‍ണി ജനറലിന്റെ പരിഗണനയിലെന്ന് അറിഞ്ഞെന്നും, നിയമ മന്ത്രാലയവും പേഴ്‌സണല്‍ മന്ത്രാലയും ഫയലില്‍ തീരുമാനമെടുത്തെന്നും കുമ്മനം അറിയിച്ചു.

ഓഗസ്റ്റ് 23നായിരുന്നു പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്. ഉത്തരവ് വന്ന് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിന്‍ കേസ്.

എന്നാല്‍, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സിബിഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

Top