ലാലിസം തകര്‍ന്നടിഞ്ഞത് കാണികള്‍ വിധികര്‍ത്താക്കളായപ്പോള്‍; ലാലിന് നിരാശ

തിരുവന്തപുരം: ദേശീയ ഗെയിംസില്‍ ‘ലാലിസം ഇന്ത്യ സിങ്ങിങ്’ പൊളിയാന്‍ കാരണം മുന്നൊരുക്കത്തിന്റെ പോരായ്മ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് പുതിയ ബാന്റിന്റെ അരങ്ങേറ്റത്തിന് ദേശീയ ഗെയിംസ് ലാല്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ഒടുവില്‍ കൂകിവിളിച്ച് ഇറങ്ങിപോകുകയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പരിപാടി തുടങ്ങി അധികം കഴിയുംമുമ്പേ ആരംഭിച്ച വിമര്‍ശനം ഞായറാഴ്ചയായപ്പോള്‍ സകല സീമകളും ലംഘിച്ചിരിക്കുകയാണ്. പരിപാടി പൊളിഞ്ഞതില്‍ മോഹന്‍ലാല്‍ കടുത്ത നിരാശയിലാണ്.

ദേശീയ ഗെയിംസ് ഒരുക്കംതന്നെ വന്‍ വിവാദമായിരുന്നു. ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്ക് 15 കോടി രൂപ നീക്കിവച്ചതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. റണ്‍കേരള റണ്‍ പരിപാടിക്ക് 11 കോടിരൂപ ഒരു മാധ്യമ സ്ഥാപനത്തിന് നല്‍കിയതും വിവാദമായിരുന്നു. ഇതോടെ എതിര്‍പ്പ് മറികടക്കാനാണ് മോഹന്‍ലാലിനെ സമീപിച്ച് അദ്ദേഹത്തിന്റെ പുതിയ ബാന്റിന്റെ പരിപാടി ഉറപ്പിച്ചത്.

എ.ആര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത ടീമിനെ കൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതൊഴിവാക്കിയാണ് ‘ലാലിസം ഇന്ത്യ സിങ്ങിങ് ‘ പരിപാടി നടത്തിയത്. രണ്ട് കോടിരൂപയാണ് പരിപാടിക്ക് ടീമിന് നല്‍കിയത്. ഈ തുക മോഹന്‍ലാലിന് ഒന്നുമല്ല. പണത്തേക്കാള്‍ നല്ലൊരു തുടക്കമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. മാത്രമല്ല, ബാന്റിന് ദേശീയ അംഗീകാരം കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഹരിഹരന്‍, ഉദിത് നാരായണന്‍ തുടങ്ങിയവരെ അണിനിരത്തിയതും ഈ ലക്ഷ്യത്തോടെയാണ്.

എന്നാല്‍ തുടക്കം മുതല്‍ ലാലിസം പൊളിഞ്ഞു. സാധാരണ ഒരു സംഗീത പരിപാടിയുടെ നിലവാരംപോലും പുലര്‍ത്തിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പരിപാടി പകുതി പിന്നിട്ടതോടെ നിരാശരായ കാണികള്‍ ഗാലറിയില്‍നിന്ന് പോയിതുടങ്ങിയിരുന്നു. അവസാനമാകുമ്പോഴേക്കും കൂകിവിളിച്ചാണ് ആളുകള്‍ ഗാലറി വിട്ടത്. റിഹേഴ്‌സലിനും മറ്റ് ഒരുക്കങ്ങള്‍ക്കും വേണ്ടത്ര സമയം കിട്ടിയില്ലെന്നാണ് ലാലുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

Top