ലണ്ടനിലും സിക്ക് വംശജരുടെ പ്രതിഷേധം; 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടന്‍: പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ സിക്ക് മതഗ്രന്ഥം കീറിനശിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലണ്ടനിലും സിക്ക് വംശജരുടെ പ്രതിഷേധം. ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് നൂറുകണക്കിനു സിക്ക് വംശജര്‍ പ്രകടനം നടത്തി.

20 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയുണ്ടായ നേരിയ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നതെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ വക്താവ് പിന്നീട് പറഞ്ഞു.

അതേസമയം, സിക്ക് മതഗ്രന്ഥം കീറിനശിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പഞ്ചാബില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതായാണ് റിപ്പോര്‍ട്ട്. പഞ്ചാബില്‍ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് സിക്ക് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സിക്ക് വികാരം വ്രണപ്പെടുത്തി വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ടതിന്റെ സൂചനകള്‍ സംസ്ഥാന ഇന്റിലിജന്‍സിനു ലഭിച്ചതായും മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top