ലജ്ജിക്കുക കേരളമേ… ഈ മഹാപാപിയെ ഓര്‍ത്ത്… സ്പീക്കറെ ഉടന്‍ പുറത്താക്കുക

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ സ്പീക്കര്‍ ശക്തന്‍ നാടാര്‍, ഡ്രൈവറെക്കൊണ്ട് ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ചത് കേരളത്തിന് അപമാനമാണ്.

അല്‍പമെങ്കിലും വിവേകം മനസില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇനി ഒരു നിമിഷംപോലും സ്പീക്കര്‍ സ്ഥാനത്ത് തുടരാതെ ശക്തന്‍ നാടാര്‍ രാജിവച്ച് സ്വയം പുറത്ത് പോകണം.

അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ രാഷ്ട്രീയ കക്ഷിഭേദമന്യേ നിയമസഭാ സാമാജികര്‍ തയ്യാറാകണം.

നിയമസഭാ വളപ്പില്‍ നടന്ന നെല്‍കൃഷി വിളവെടുപ്പിനെത്തിയ സ്പീക്കര്‍ ശക്തന്‍ മന്ത്രിയേയും ജീവനക്കാരേയും പത്രപ്രവര്‍ത്തകരേയും സാക്ഷി നിര്‍ത്തിയാണ് കേരളം ലോകത്തിന് മുന്നല്‍ തലകുനിക്കേണ്ടി വന്ന നാണംകെട്ട പ്രവര്‍ത്തി ചെയ്യിപ്പിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് കുനിയാന്‍ പറ്റാത്ത അസുഖമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് ന്യായീകരണം നടത്തിയ ശക്തന്‍ പിന്നെ എന്തിനാണ് കറ്റ മെതിക്കാനെത്തിയതെന്ന് വ്യക്തമാക്കണം. ശാരീരിക പ്രശ്‌നമുണ്ടെങ്കില്‍ സ്പീക്കര്‍ സ്ഥാനത്ത് താങ്കള്‍ തന്നെ തുടരണമെന്ന് ആര്‍ക്കാണ് ഇവിടെ നിര്‍ബന്ധം? കള്ളം പറയുകയാണെങ്കില്‍ അതിനും വേണം ഒരു യുക്തി.

നേരത്തെ യു.പി മുഖ്യമന്ത്രി മായാവതിയും പശ്ചിമ ബംഗാള്‍ മന്ത്രിയും കാശ്മീരിലെ ഐപിഎസ് ഓഫീസറുമെല്ലാം ഇതേ രൂപത്തില്‍ പെരുമാറിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയത് പത്രം വായിക്കുന്ന ശക്തന്‍ മറന്നുപോയോ ?

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇപ്പോഴും ഇത്തരം ധിക്കാരങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ച് പണ്ടേ അടിച്ചോടിച്ചതാണ് ഈ കീഴ്‌വഴക്കങ്ങള്‍.

ബ്രിട്ടീഷ് ഭരണ കാലത്ത് സായിപ്പിന്റെ ബൂട്ട് അടി ഏറ്റുവാങ്ങാന്‍ കുനിഞ്ഞു കിടന്നുകൊടുത്ത ചരിത്രമല്ല കേരളത്തിന്റേത്. അവരുടെ വിരിമാറ് പിളര്‍ത്തിയ ഒരു ചരിത്രമുണ്ട് കേരളത്തിന്.

ജന്മിത്തത്തിന്റെ അടയാളമായ അനാചാരങ്ങള്‍ക്കെതിരെ കേരളത്തിലൊഴുകിയ ചോരപ്പുഴയുടെ ധീരചരിത്രം നിയമസഭാ സ്പീക്കറായ ശക്തന്‍ പഠിച്ചിട്ടില്ലേ?

വാരിക്കുന്തവുമായി വിപ്ലവം തീര്‍ത്ത ആ ധീരന്മാരുടെ തലമുറ ഇന്നും ഇവിടെ കണ്ണിയറ്റ് പോയിട്ടില്ലെന്ന് നിങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മുഖത്ത് ചവിട്ടി നില്‍ക്കുന്നത് തലകുനിച്ച് കണ്ട് നില്‍ക്കാന്‍ വിപ്ലവ വീര്യം നഷ്ടപ്പെടാത്ത ഒരു തലമുറക്കും കഴിയില്ല.

ഈ നികൃഷ്ട പ്രവര്‍ത്തി ചെയ്ത ശക്തന്‍ സ്വയം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

Team Express kerala

Top