മുംബൈ ഭീകരാക്രമണം: ലഖ്‌വിയെ മോചിപ്പിക്കാന്‍ പാക് കോടതി ഉത്തരവ്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിക്കാന്‍ പാക് കോടതി ഉത്തരവിട്ടു. ലഖ്‌വിയുടെ ഹര്‍ജി പരിഗണിച്ച ലാഹോര്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്.

ലഖ്‌വിയെ നിയമവിരുദ്ധമായാണു തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നില്‍ ഹാജരാക്കാതെ 90 ദിവസത്തില്‍ കൂടുതല്‍ തടവില്‍ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ലഖ്‌വിയുടെ അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ ഡിസംബറില്‍ ലഖ്‌വിയെ വിട്ടയച്ചതാണെന്നും എന്നാല്‍ വീണ്ടും തടവില്‍ വയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുംബൈ ആക്രമണക്കേസില്‍ 2009 ലാണ് ലഖ്‌വി അറസ്റ്റിലായത്. പിന്നീട് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ലഖ്‌വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ ജാമ്യം കിട്ടിയ ലഖ്‌വിയെ മെയിന്റനന്‍സ് ഓഫ് പബ്‌ളിക് ഓര്‍ഡര്‍(എംപിഒ) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ജയിലില്‍ അടച്ചു.

എന്നാല്‍, ഇസ്ലാമാബാദ് ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും പത്തുലക്ഷം രൂപ ജാമ്യത്തില്‍ ലഖ്‌വിയെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നു ലഖ്‌വിയെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു ലാഹോര്‍ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

Top