റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക്പൗരത്വം നല്‍കണമെന്ന് യു എസ്

വാഷിംഗ്ടണ്‍: മ്യാന്‍മറിലെ റോഹിംഗ്യന്‍ വംശജരായ മുസ്‌ലിംകള്‍ക്ക് പൗരത്വം അനുവദിച്ചു നല്‍കാനുള്ള പുതിയ പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് മ്യാന്‍മറിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇതിന് പുറമെ സ്വയം ബന്‍ഗാളികളെന്ന് സമ്മതിക്കാത്ത പക്ഷം ഇവരെ തടവില്‍ വെക്കാന്‍ ലക്ഷ്യം വെച്ച് നടപ്പാക്കിയ പുതിയ നിയമം എടുത്തുകളയണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മ്യാന്‍മറിലെ റാഖിനെയില്‍ പത്ത് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് മ്യാന്‍മര്‍ പീഡിപ്പിക്കുന്നത് തുടരുകയാണ്.

വര്‍ണവിവേചനത്തിന് തുല്യമായ രീതിയിലാണ് ഇവരുടെ നിലവിലെ ജീവിതം. ഇവര്‍ക്ക് പൗരത്വം അനുവദിച്ചു നല്‍കാന്‍ ഇതുവരെയും മ്യാന്‍മര്‍ മുന്നോട്ടുവന്നിട്ടില്ല. ഭൂരിഭാഗവും ബുദ്ധന്‍മാര്‍ അധിവസിക്കുന്ന ഈ മേഖലയില്‍ ഇവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ബുദ്ധ തീവ്രവാദികളാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രങ്ങള്‍ പലപ്പോഴും ആക്രമണത്തിന് ഇരയാക്കപ്പെടാറുണ്ട്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ എന്ന നിലയിലാണ് ബംഗാളിയെന്ന് ഇവരെ മ്യാന്‍മര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അവഗണിച്ചു തള്ളുകയാണ്. കാരണം തലമുറകളായി ഇവര്‍ മ്യാന്‍മറില്‍ തന്നെ ജീവിക്കുന്നവരാണ്. മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ പദ്ധതിയനുസരിച്ച്, രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മതിയായ രേഖകളില്ലാത്തവര്‍ക്കും താമസിക്കാനായി പ്രത്യേക ക്യാമ്പുകള്‍ നിര്‍മിക്കാന്‍ നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം നിയമങ്ങള്‍ ആഗോളവ്യാപകമായി മനുഷ്യരാശിക്ക് അവകാശപ്പെട്ട നിയമങ്ങളെ അതിക്രമിക്കുന്നതാണെന്നും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം അനുവദിച്ചു നല്‍കുന്ന പുതിയ ഒരു പദ്ധതിക്ക് മ്യാന്മര്‍ എത്രയും പെട്ടെന്ന് മുന്നോട്ടുവരണമെന്നും അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അവഗണനയും മനുഷ്യാവകാശ ലംഘനങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ തന്റെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞിരുന്നു. അതേസമയം, നൊബേല്‍ സമ്മാന ജേതാവും അറിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകയുമായ ആംഗ് സാന്‍ സൂകിയുടെ ഈ വിഷയത്തിലുള്ള മൗനം ചോദ്യചെയ്യപ്പെടുകയാണ്. സൂകി റോഹിംഗ്യന്‍ മുസ്‌ലിംകളുടെ വിഷയത്തില്‍ വായ തുറക്കണമെന്നും അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ഓര്‍മിപ്പിച്ചു.

Top