റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പൃഥ്വിരാജും നൈലയും ഒന്നിക്കുന്നു

പൃഥ്വിരാജിന് നായികയായി നൈലാ ഉഷ എത്തുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അടുത്തതായി സംവിധാനം ചെയ്യുന്ന നാളെ രാവിലെ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

ഇതാദ്യമായാണ് പൃഥ്വിരാജും നൈല ഉഷയും ഒന്നിച്ച് അഭിനയിക്കുന്നത്. മുംബയ് പൊലീസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്, റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ് ടീം ഒന്നിക്കുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സംവിധായകന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് റോഷന്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് അത്ഭുതങ്ങളെപ്പറ്റിയുള്ള സിനിമയാണെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതൊരു മുഴുനീള പ്രണയചിത്രമാണ്. വ്യത്യസ്തമായ ലുക്കിലായിരിക്കും പൃഥ്വിരാജ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പിന്റെ ജോലി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ചിത്രമായിരിക്കും ഇതെന്നും പ്രേക്ഷകര്‍ക്കും ഇത് വേറിട്ടൊരു അനുഭവമായിരിക്കുമെന്നും റോഷന്‍ വ്യക്തമാക്കി. എ. വി. എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ. വി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാമറ: ദിവാകര്‍. ജൂലായില്‍ ചിത്രീകരണം ആരംഭിക്കും.

Top