റോയല്‍ ചലഞ്ചേഴ്‌സിനെ പറത്തി സണ്‍റൈസസിന് ആദ്യജയം

ബാംഗ്ലൂര്‍: സണ്‍റൈസസ് ഹൈദരാബാദിന് ഐ.പി.എല്ലില്‍ ആദ്യ ജയം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടു വിക്കറ്റിനാണ് അവര്‍ തോല്‍പിച്ചത്. 16 പന്ത് ശേഷിക്കെയായിരുന്നു ഹൈദരാബാദിന്റെ ജയം. ബാംഗ്ലൂരിന്റെ ആദ്യ തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (37 പന്തില്‍ 41) എ ബി ഡിവില്ലിയേഴ്‌സിന്റെയും (28 പന്തില്‍ 46) ബാറ്റിങ്ങിന്റെ മികവില്‍ 19.5 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി. ഗെയ്ല്‍ 21 ഉം ഷോണ്‍ അബ്ബോട്ട് 14 ഉം റണ്‍സെടുത്തു. ഹൈദരാബാദിനുവേണ്ടി ട്രെന്റ് ബൗള്‍ട്ട് മൂുന്നം ഭുവനേശ്വര്‍ കുമാറും രവി ബൊപ്പാരയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഡേവിഡ് വാര്‍ണറുടെയും ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ ഹൈദരാബാദ് 17.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. വാര്‍ണര്‍ 27പന്തില്‍ 57 റണ്‍സും ധവാന്‍ പുറത്താകാതെ 42 പന്തില്‍ 50 ഉം റണ്‍സെടുത്തു. കെ. എല്‍. രാഹുല്‍ 28 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കെയ്ന്‍ വില്ല്യംസണ്‍ 9 പന്തില്‍ നിന്ന് അഞ്ചു റണ്ണെടുത്ത് പുറത്തായി. യുസ്‌വേന്ദ്ര ചഹാലാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

Top