റെനോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ റെനോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. പുതിയ രണ്ടു മോഡലുകള്‍ പുറത്തിറക്കുന്നതോടൊപ്പം യൂസ്ഡ് കാര്‍ വിപണിയിലേക്കും രംഗപ്രവേശം ചെയ്യാനാണ് റെനോയുടെ നീക്കം.

ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിക്കുന്നതായിരിക്കും അടുത്ത രണ്ടു വര്‍ഷത്തേക്ക് റെനോയുടെ വെല്ലുവിളിയെന്ന് കമ്പനിവൃത്തങ്ങള്‍ പറയുന്നു. അഞ്ചുശതമാനം വിപണി വിഹിതമാണ് റെനോ രാജ്യത്ത് ലക്ഷ്യമാക്കുന്നത്. ഇതിനായി ഇന്ത്യക്കിണങ്ങുന്ന വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ചെന്നൈയിലെ 4,500 ഗവേഷണകേന്ദ്രങ്ങളോട് കമ്പനിഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു കമ്പനികളുടെ കാറുകള്‍ കൈവശമുള്ളവര്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ റെനോ വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യമൊരുക്കും. ഇങ്ങനെ വാങ്ങുന്ന വാഹനങ്ങളുപയോഗിച്ച് യൂസ്ഡ് കാര്‍ വിപണിയിലേക്ക് പ്രവേശിക്കാനാണ് റെനോയുടെ നീക്കം. റെനോ വാഹനങ്ങള്‍ക്കും എക്‌സ്‌ചേഞ്ച് സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് റെനോ ഇന്ത്യ സിഇഓയും എംഡിയുമായ സുമിത് സാഹ്നി അറിയിച്ചു.

Top