റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തണമെന്ന് അന്താരാഷ്ട്ര നാണയ നിധി

വിലക്കയറ്റം നിയന്ത്രണവിധേയമാക്കാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തണമെന്ന് അന്താരാഷ്ട്ര നാണയ നിധി. ജി ഇരുപത് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും സമ്മേളനത്തിനു മുന്നോടിയായി പുറത്തിറക്കിയ കുറിപ്പിലാണ് ഐഎംഎഫ് ഇതു സംബന്ധിച്ച ആവശ്യമുന്നയിച്ചിരിക്കുന്നത്. വിലക്കയറ്റവും ധനക്കമ്മിയും നേരിടുന്നതിന് ഇന്ത്യ കൂടുതല്‍ നടപടികളെടുക്കേണ്ടതുണ്ടെന്ന് ഐഎംഎഫ് പറഞ്ഞു.

നേരത്തേ, വിലക്കയറ്റം പൂര്‍ണമായി നിയന്ത്രണത്തിലാകാതെ പലിശ നിരക്കുകള്‍ കുറയ്ക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു. ഓഗസ്റ്റില്‍ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 3.74 ശതമാനത്തിലെത്തിയിരുന്നു.

അതേസമയം ചെറുകിട മേഖലയിലെ വിലക്കയറ്റം 7.8 ശതമാനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്ത അഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.1 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാണിജ്യ സഹമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Top