ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 12.5 ശതമാനം അറ്റാദായ വളര്‍ച്ച. പ്രതീക്ഷകളെ കടത്തിവെട്ടി 6,700 കോടി രൂപ എന്ന റെക്കോഡ് ലാഭമാണ് കമ്പനി കൈവരിച്ചത്. അസംസ്കൃത വസ്തുവായ ക്രൂഡ് ഓയില്‍ ഒരു ബാരല്‍ സംസ്കരിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഏഴ് വര്‍ഷത്തെ ഉയരമായ 10.6 ഡോളറായി ഉയര്‍ന്നതാണ് ലാഭമുയരാന്‍ സഹായിച്ചത്.
റിഫൈനിങ്ങിന് പുറമെ പെട്രോ കെമിക്കല്‍ മേഖലയിലും മികച്ച വളര്‍ച്ചയുണ്ടായി. ഇതാദ്യമായി റിലയന്‍സ് റീട്ടെയില്‍ പാദ വരുമാനത്തില്‍ 5,000 കോടി മറികടന്നു.
സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ക്രൂഡ് ഓയില്‍ വില ഒരു വര്‍ഷത്തെ താഴ്ചയിലെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മൊത്തം വരുമാനം 33.8 ശതമാനം കുറഞ്ഞു. 1,13,396 കോടി രൂപയാണ് ഈ കാലയളവിലെ മൊത്തം വരുമാനം.
കയറ്റുമതിയില്‍ 35.5 ശതമാനം കുറവുണ്ടായി. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 52,864 കോടി രൂപയുടെ മൂലധനനിക്ഷേപം റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് നടത്തിയിട്ടുണ്ട്.