റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണത്തിനായി പതിമൂന്നുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ന്യൂഡല്‍ഹി: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താനായി പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിനേഴുകാരായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മൂന്നുപേരും ഒരു ഡാന്‍സ് ട്രൂപ്പിലെ അംഗങ്ങളാണ്. ഷോകള്‍ക്കായി മൂവരും ഒരുമിച്ചാണ് പോയിരുന്നത്. മുംബൈയിലെത്തി ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനായി പണം കണ്ടെത്താനാണ് സ്വപ്‌നേഷ് ഗുപ്തയെന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ഇരുവരും തീരുമാനിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ഈ മാസം 16നാണ് സ്വപ്‌നേഷിനെ തട്ടിക്കൊണ്ടുപോയത്. ഒരു ഡാന്‍സ് ഷോയ്ക്കു പോകുകയാണെന്നാണ് ഇരുവരും സ്വപ്‌നേഷിനെ ധരിപ്പിച്ചത്. ഉത്തരാഖണ്ഡിലേക്കാണ് കൊണ്ടുപോയത്. സുഹൃത്തിന്റെ വീട്ടില്‍ ഒരു രാത്രി തങ്ങിയ ശേഷം പിറ്റേന്നു മലമുകളിലേക്കു സ്വപ്‌നേഷിനെ കൊണ്ടുപോയി. തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ചു മര്‍ദിച്ചു. മൃതദേഹം മലമുകളില്‍നിന്നു താഴേക്ക് എറിഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ ഡല്‍ഹിക്കു തിരിച്ചു.

ഇവര്‍ സ്വപ്‌നേഷിന്റെ പിതാവിനെ വിളിച്ച് 60,000 രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു. ഈ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് സിമ്മെടുക്കാന്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ചെയ്തവര്‍ 16 മുതല്‍ 18 വരെ ഉത്തരാഖണ്ഡിലുണ്ടായിരുന്നതായി മനസ്സിലായി. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Top