റിമയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 20ന് ആരംഭിക്കും

വിവാഹത്തിന് ശേഷം റിമ കല്ലിങ്കല്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. റിമ കല്ലിങ്കലിനെയും മഞ്ജു വാര്യരെയും മുഖ്യ കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണ ജോലികള്‍ 20ന് ആരംഭിക്കുമെന്ന് ആഷിഖ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഒക്‌റ്റോബറില്‍ ചിത്രം റിലീസ് ചെയ്യും.

റാണി, പദ്മിനി എന്നീ രണ്ട് സ്ത്രീകളുടെ കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയാണ് റാണി പദ്മിനി. പിന്നീട് അവര്‍ ആ യാത്ര ജമ്മു കാശ്മീരിലേക്കും ഹിമാച്ചല്‍ പ്രദേശിലേക്കും നീട്ടുന്നു. നേരത്തെ ചിത്രത്തില്‍ നിന്നും മഞ്ജു വാര്യരെ പുറത്താക്കി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ആഷിഖ് അബു തന്നെ രംഗത്തെത്തി. ആഷിഖുമായുള്ള വിവാഹത്തിന് ശേഷം റിമ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകയുണ്ട്.

എന്നാല്‍ ആഷിഖ് അബുവിന്റേതായി ഒടുവില്‍ തിയെറ്ററുകളിലെത്തിയ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം വന്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ചിത്രം ആഷിഖിന് ഒരു വെല്ലുവിളി കൂടിയാണ്. ഗ്യാങ്സ്റ്ററിന്റെ പരാജയത്തില്‍ നിന്നൊരു തിരിച്ചു കയറ്റം കൂടെയാണ് ഈ സ്ത്രീപക്ഷ ചിത്രം. ശ്യാം പുഷ്‌ക്കറും രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പി.എം ഹാരിസും വി.എസ് മുഹമ്മദും ചേര്‍ന്നാണ് റാണി പദ്മിനി നിര്‍മിക്കുന്നത്.

Top