റഷ്യന്‍ മിസൈലേറ്റാണ് മലേഷ്യന്‍ വിമാനം എംഎച്ച് 17 തകര്‍ന്നതെന്ന് അന്വേഷക സംഘം

ലണ്ടന്‍: കിഴക്കന്‍ യുക്രെയ്‌നിനു മുകളിലൂടെ പറന്ന മലേഷ്യന്‍ വിമാനം വെടിവച്ചിട്ടത് റഷ്യന്‍ മിസൈല്‍ ഉപയോഗിച്ചാണെന്ന് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള അന്വേഷക സംഘം. മിസൈലിന്റെ ഭാഗം എംഎച്ച് 17 വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നു കണ്ടെടുത്തു. അന്വേഷണത്തിന്റെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒക്ടോബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വിമാനത്തിന്റെ കോക്ക്പിറ്റ് ഭാഗത്ത് ഉയര്‍ന്ന ഊര്‍ജമുള്ള വസ്തുക്കള്‍ പുറത്തുനിന്ന് വന്ന് ഇടിച്ചാണ് അപകടമുണ്ടായതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. റഷ്യയുടെ ബക് മിസൈല്‍ സംവിധാനമുപയോഗിച്ചാണ് ആക്രമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെ തള്ളിയ റഷ്യ, വിമതപോരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നത്.

2014 ജൂലൈയിലുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടിരുന്നു. 80 കുട്ടികളുള്‍പ്പെടെ 283 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഡച്ച് പൗരന്‍മാരാണ്. ബാക്കിയുള്ളവര്‍ മലേഷ്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ളവരാണ്.

Top