റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവല്‍നിക്ക് ജയില്‍ ശിക്ഷ

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവല്‍നിക്ക് 30 ദിവസത്തെ ജയില്‍ ശിക്ഷ. പോലീസ് ഉത്തരവ് ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് അലക്‌സിയെ അറസ്റ്റ് പോലീസ് ചെയ്തിരുന്നത്. കേസ് തള്ളണമെന്ന അലക്‌സിയുടെ അപേക്ഷ തള്ളി മോസ്‌കോ കോടതിയാണ് ശിക്ഷ വിധിച്ചത്.

തിങ്കളാഴ്ച അഴിമതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തിയതിന് നൂറുകണക്കിന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അലക്‌സി നവല്‍നിയെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ യുലിയ നവല്‍നായയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനെതിരെ നടന്ന പ്രതിഷേധത്തില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 850 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുടിന്‍ ഭരണകൂടം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് അലക്‌സി നാവല്‍നിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. അനുമതി നല്‍കിയ സ്ഥലത്ത് നിന്ന് മാറി നഗരത്തിലെ പ്രധാനപാത ഉപരോധിച്ചതോടെയാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Top