റമാദി നഗരം തിരികെ പിടിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ഷിയ മിലിഷ്യയുടെ സഹായം തേടി

ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലായ റമാദി നഗരം തിരികെ പിടിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ഷിയ മിലിഷ്യയുടെ സഹായം തേടി. നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഐഎസിന്റെ പിടിയിലായതോടെയാണ് ഇറാഖ് സര്‍ക്കാര്‍ ഷിയ മിലിഷ്യയുടെ സഹായം തേടിയത്.

2500 ഓളം ഷിയ മിലിഷ്യ പോരാളികള്‍ റമാദി നഗരത്തിന് 20 കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറാഖി സൈനിക വാഹനങ്ങളും യുദ്ധത്തിന് തയ്യാറായിക്കഴിഞ്ഞു. ദിവസങ്ങളായി തുടരുന്ന പോരാട്ടത്തില്‍ റമാദിയില്‍ 500 ഓളം പേര്‍ മരിച്ചതായാണ് സൂചന. ആയിരത്തിലേറെപ്പേര്‍ നാടുവിട്ടു പലായനം ചെയ്തു. ഞായറാഴ്ചയാണ് റമാദി നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഇസ്ലാമിക് സ്‌റ്റേറ്റ് പിടിച്ചെടുത്തത്.

സൈന്യം ഉപേക്ഷിച്ചുപോയ ടാങ്കുകളും മിസൈല്‍ ലോഞ്ചറുകളും ഐ.എസ് കൈക്കലാക്കി. റമാദിക്കപ്പുറതേത്ക്ക് മുന്നേറിയ ഐഎസ് തീവ്രവാദികള്‍ അല്‍ ഖാലിദിയ പട്ടണത്തിന് സമീപമെത്തിയതായി അവകാശപ്പെട്ടു.

റമാദി പിടിച്ചെടുക്കാനുള്ള ആക്രമങ്ങള്‍ക്കിടെ ഐ.എസ് ഖാലിദിയയിലെ സൈനിക താവളം പിടിച്ചെടുക്കുകയും 15 പട്ടാളക്കാരെ വധിക്കുകയും ചെയ്തിരുന്നു. റമാദിയുടെ നിയന്ത്രണം ഐഎസ് സ്വന്തമാക്കിയത് ഇറാഖ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

Top