മദ്യലോബിക്ക് കൈകൊടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സുസ്ഥിര ഭരണം നിശ്ചലമായി

തിരുവനന്തപുരം: മദ്യനയത്തില്‍ യുഡിഎഫ് തര്‍ക്കം കാരണം സംസ്ഥാനത്ത് ഭരണം നിശ്ചലമായി. മന്ത്രിസഭായോഗങ്ങള്‍പോലും ചടങ്ങായി മാറുന്നു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരസ്പരം വിശ്വാസമില്ലാത്ത സ്ഥിതിയാണിപ്പോഴുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും പണമില്ലാതെ ധനവകുപ്പ് നെട്ടോട്ടമോടുമ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ അക്കാര്യം അറിഞ്ഞതായി നടിക്കുന്നേയില്ല.

അടുത്ത ബജറ്റിനുള്ള പ്രഥമിക ഒരുക്കങ്ങളും ഇതേവരെ ആരംഭിക്കാനായിട്ടില്ല. പല ഉന്നത ഉദ്യോഗസ്ഥരും അഴിമതികേസില്‍പ്പെട്ടതും സര്‍ക്കാരിനെ കുഴക്കുന്നു. ഉദ്യോഗസ്ഥ ഭരണമാണിപ്പോള്‍ സെക്രട്ടറിയേറ്റില്‍ നടക്കുന്നത്. മുന്‍പെങ്ങുമില്ലാത്ത ഗുരുതര പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാരിന്റെ യാത്ര. അപ്രതീക്ഷിത മദ്യനയമാണ് സര്‍ക്കാരിന്റെ വഴിമുടക്കിയത്.

മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട വിവാദത്തിനു പിറകെയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍. സോളാര്‍ കേസ്, ഭൂമിതട്ടിപ്പ്, മന്ത്രി ഗണേഷ്‌കുമാറിന്റെ രാജി തുടങ്ങിയവയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍നിന്ന് ഒരുവിധം തടിയൂരിവരുന്നതിനിടെയാണ് മദ്യനയം കുരുക്കായത്. ഇതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഒരുഭാഗത്തും മന്ത്രിസഭ ഒന്നടങ്കം മറുഭാഗത്തുമായത് പാര്‍ട്ടിയില്‍ മാത്രമല്ല, മുന്നണിയിലും അസ്വാരസ്യത്തിനിടയാക്കി. യുഡിഎഫും മന്ത്രിസഭയും ചേര്‍ന്നാല്‍ ആകെ ചര്‍ച്ച ഈ വിഷയമാണ്. മറ്റു പല ജനകീയ പ്രശ്‌നങ്ങളും ഇതിനിടെ സര്‍ക്കാര്‍ കാണുന്നില്ല.

മന്ത്രിമാരുടെ ഓഫീസുകളില്‍ വരെ കയറി വിജിലന്‍സ് റെയ്ഡ് നടത്തുന്നതും ഘടകകക്ഷികളെ വല്ലാതെ അമര്‍ഷത്തിലാക്കിയിട്ടുണ്ട്. ലീഗ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിലെ പൊതുമരാമത്ത് സെക്രട്ടറി സൂരജിന്റെ ക്യാബിനില്‍ മന്ത്രിപോലുമറിയാതെയാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ ആരോപണം വന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പേരിനുപോലും പരിശോധന നടത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറായിരുന്നില്ലെന്ന് ലീഗ് പരാതിപ്പെടുന്നു.

കെ.എം മാണിയെ വിജിലന്‍സ് കേസില്‍പെടുത്താന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് കേരള കോണ്‍ഗ്രസ് പറയുന്നു. യുഡിഎഫ് എംഎല്‍എയായ കെ.ബി ഗണേഷ്‌കുമാര്‍ ലീഗ് മന്ത്രിയുടെ സ്റ്റാഫിനെതിരെ അഴിമതി ആരോപണമുന്നയിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ കോടികളുടെ അഴിമതി കേസ്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ടി.ഒ സൂരജ്, പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് ഈ അടുത്താണ്. മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷേക് പരീതിനെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് കേസ് രജിസറ്റര്‍ ചെയ്തു.

സാധാരണ നിലക്ക് ഭരണത്തിന്റെ അവസാന ടേമില്‍ ജനപ്രിയമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാറുണ്ട്. എന്നാല്‍ അതിനൊന്നും സര്‍ക്കാരിന് ഇപ്പോള്‍ നേരമില്ല. വിലക്കയറ്റം അതിരൂക്ഷമാകുകയാണ്. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനുമില്ല. പത്തോളം പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തു. ഇതിലൊന്നും ശക്തമായ നടപടിയില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അധികനികുതി അടിച്ചേല്‍പ്പിക്കുന്ന ജനവിരുദ്ധ നടപടി മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

Top