രാഹുല്‍ വീണ്ടും ജനമധ്യത്തില്‍

ന്യൂഡല്‍ഹി: രണ്ടു മാസത്തെ അജ്ഞാത വാസത്തിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ ജനമധ്യത്തിലെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരേ ഇന്നു രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയായിരുന്നു ജനങ്ങള്‍ക്കിടയിലേക്കുള്ള മടങ്ങിവരവ്. ഡല്‍ഹിയിലെ തുഗ്ലക് ലൈനിലുള്ള ഔദ്യോഗിക വസതിയില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു കൂടിക്കാഴ്ച.

യുപി, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘം പ്രതിനിധികള്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു. വസതിക്കു പുറത്ത് പൊലീസ് ബാരിക്കേഡുകള്‍ നിരത്തി സുരക്ഷ ശക്തമാക്കിയിരുന്നു. തൂവെള്ള കുര്‍ത്തയും പൈജാമയും ധരിച്ച് ചിരിക്കുന്ന മുഖത്തോടെയാണ് അദ്ദേഹം വസതിക്കു പുറത്ത് തടിച്ചുകൂടിയ കര്‍ഷകരെ സ്വീകരിച്ചത്. ബാരിക്കേഡിന് അടുത്തെത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിനധികളുമായി ചര്‍ച്ച നടത്തിയതി. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നു രാഹുല്‍ ഉറപ്പു നല്‍കി. കര്‍ഷകരുടെ ആശങ്കകള്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയേക്കാള്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം പൊതുജന മധ്യത്തിലെത്തിയ രാഹുലിന്റെ ചിത്രം പകര്‍ത്താനായിരുന്നു മധ്യമങ്ങളുടെ തിരക്ക്. പൊതുവേദിയില്‍ എത്തിയെങ്കിലും അജ്ഞാത വാസത്തെക്കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഇന്ന് നടക്കുന്ന കര്‍ഷക റാലിയില്‍ തന്റെ ഭാവിപരിപാടകള്‍ രാഹുല്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

Top