രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതിനെ വിമര്‍ശിച്ച് ശിവസേന മുഖപത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതിനെ വിമര്‍ശിച്ച് ശിവസേന മുഖപത്രമായ സാമന രംഗത്ത്. അവധിയെ ആത്മപരിശോധന എന്ന പേരില്‍ വ്യാഖ്യാനിക്കരുതെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.

ആനുകാലിക വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍വേണ്ടി രണ്ടാഴ്ച്ചത്തെ വിശ്രമത്തിന് പോയെന്നായിരുന്നു കോണ്‍ഗ്രസ് ഔദ്യോഗികമായി പറഞ്ഞിരുന്നത്. അവധി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കാണ് രാഹുല്‍ ഗാന്ധി കത്ത് കൊടുത്തത്.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാത്തതിന്റെ നാണക്കേട് നിലനില്‍ക്കേ രാഹുല്‍ ഗാന്ധി പെട്ടന്ന് അവധിയില്‍ പ്രവേശിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സെക്ഷനിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ല.

അതേസമയം, രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top