രാഹുല്‍ ഗാന്ധിയുടെ ‘ഘര്‍വാപസി’ ഈ മാസം; മ്യാന്‍മറില്‍ ധ്യാനത്തിലെന്നും വാര്‍ത്ത

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയും മാതാവുമായ സോണിയാഗാന്ധിയോട് പിണങ്ങി പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് ഇന്ത്യവിട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തും.

രാഹുല്‍ഗാന്ധി അയല്‍രാജ്യമായ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നു. മ്യാന്‍മറിലെ പ്രശസ്തമായ ഒരു കേന്ദ്രത്തില്‍ പ്രത്യേക ധ്യാനത്തിലുള്ള രാഹുല്‍ ഈ മാസം ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഉപേക്ഷിച്ചു രാഹുല്‍ രഹസ്യമായി ഇന്ത്യ വിട്ട സംഭവം വലിയ വിവാദമായെങ്കിലും അദ്ദേഹം എവിടെയുണ്ടെന്നു വിദേശ, ദേശീയ മാധ്യമങ്ങള്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും അടക്കം ആര്‍ക്കുംതന്നെ അറിവുണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ആലോചനകള്‍ക്കും പാര്‍ട്ടി നേതൃത്വത്തില്‍ കൂടുതല്‍ സജീവമാകുന്നതിനുമാണു രാഹുല്‍ അവധിയില്‍ പോയതെന്നാണ് എഐസിസിയും രാഹുലിന്റെ ഓഫീസും വിശദീകരിച്ചത്.

എന്നാല്‍, രാഹുല്‍ എവിടെയാണെന്ന സൂചനപോലും പാര്‍ട്ടി നല്‍കിയില്ല. എസ്പിജി സുരക്ഷയുള്ള പാര്‍ലമെന്റംഗംകൂടിയായ രാഹുലിനു രഹസ്യമായി വിദേശത്തുപോകാന്‍ കഴിയില്ലെന്നു കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നുണ്ടെങ്കിലും രാഹുലിന്റെ അവധിസ്ഥലം എവിടെയെന്ന് സര്‍ക്കാരും വെളിപ്പെടുത്തിയില്ല.

രാഹുലിന്റെ വീട്ടില്‍ ഡല്‍ഹിപോലീസ് വിവരശേഖരണത്തിനെത്തിയത് പാര്‍ലമെന്റില്‍ വിവാദമായിരുന്നു. മോഡി പോലീസിനെ ഉപയോഗിച്ച് ചാരപ്പണി നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

കോണ്‍ഗ്രസിനു പ്രധാനമായ ബജറ്റ് സമ്മേളനത്തിനു തൊട്ടുമുമ്പായി സോണിയയ്ക്ക് അവധിയപേക്ഷ നല്‍കി സ്ഥലംവിട്ട രാഹുല്‍ പിന്നീട് അവധി നീട്ടുകയായിരുന്നു. കോണ്‍ഗ്രസിനു നിര്‍ണായകമായ ബജറ്റു സമ്മേളനത്തില്‍ ലോക്‌സഭയില്‍ പാര്‍ട്ടി പ്രതിഷേധത്തെ നയിക്കേണ്ട രാഹുല്‍ അവധിയില്‍പോയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Top