രാഹുലിന്റെ വിമാന ടിക്കറ്റ് വൈറലാകുന്നു

ന്യൂഡല്‍ഹി: രണ്ട് മാസത്തോളം അവധിയിലായിരുന്ന കോഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയായിരുന്നു എന്ന കാര്യം ഇപ്പോഴും ആര്‍ക്കും തീര്‍ച്ചയില്ല. തിരിച്ചുവന്നതിനു ശേഷം രാഹുലിന്റെ അവധി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ രാഹുല്‍ ഗാന്ധി യാത്ര ചെയ്ത വിമാന ടിക്കറ്റ് ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

രാഹുല്‍ എടുത്ത ബിസിനസ് ക്‌ളാസ് ടിക്കറ്റാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഫെബ്രുവരി 16ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തായ് ലന്റിലെ ബാങ്കോക്കിലേക്കുള്ള ടിക്കറ്റാണ് രാഹുല്‍ എടുത്തത്. ഏപ്രില്‍ 16ന് തിരിച്ച് ന്യൂഡല്‍ഹിയിലേക്കും യാത്ര ബുക്ക് ചെയ്തതായി ടിക്കറ്റില്‍ കാണിക്കുന്നു.

എന്നാല്‍ ബാങ്കോകില്‍ എവിടെയായിരുന്നു രാഹുല്‍ എന്നത് ഇപ്പോഴും അജ്ഞാതമാണ്. വ്യാഴാഴ്ച രാവിലെ 11.15 നാണ് രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. രാഹുല്‍ വരുന്നതറിഞ്ഞ് വന്‍ മാധ്യമപ്പടയാണ് തുഗ്ലക് ലേനിലെ അദ്ദേഹത്തിന്റെ വസതിയില്‍ കാത്തുനിന്നത്.

നിര്‍ണായകമായ ബജറ്റ് സമ്മേളനം, ഭൂമിയേറ്റെടുക്കല്‍ ബില്‍ തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് രാഹുല്‍ അവധിയില്‍ പോയത്. രാഹുല്‍ വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതാണെന്നും അതല്ല, ഇന്ത്യയില്‍ തന്നെയുണ്ടെന്നുമുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

Top