രാഷ്ട്രീയ സഖ്യം: സംസ്ഥാന തലത്തില്‍ തീരുമാനം വേണ്ട

വിശാഖപട്ടണം: രാഷ്ട്രീയ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനും പ്രാദേശിക കക്ഷികളുമായി സഹകരിക്കുന്നതിനും സിപിഎം സംസ്ഥാന ഘടകങ്ങള്‍ക്കു നിയന്ത്രണം. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവു നയ അവലോകനത്തിലാണു സംസ്ഥാന ഘടകങ്ങള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വിലക്കിയിരിക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടികളല്ലാതെയുള്ള പ്രാദേശിക കക്ഷികളുമായുള്ള സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം.
1990 മുതല്‍ ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും രൂപീകരിച്ച സഖ്യങ്ങള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു തിരിച്ചടിയായെന്ന വിലയിരുത്തലാണ് പുതിയ നിലപാടിനാധാരം. അഴിമതിക്കും സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായുള്ള സമരങ്ങളില്‍ സഹകരിക്കുന്നതിനു നിയന്ത്രണമില്ല. ഇതിനായി പൊതു പ്ലാറ്റ്‌ഫോമില്‍ അണിനിരക്കാം. എന്നാല്‍, തെരഞ്ഞെടുപ്പു സഖ്യമോ ഭരണസഖ്യമോ പാടില്ലെന്ന നയമാണ് അംഗീകരിച്ചത്.
ദേശീയതലത്തിലോ പ്രാദേശിക തലങ്ങളിലോ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ സഖ്യങ്ങളും വേണ്ടെന്നും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. രാഷ്ട്രീയ പ്രമേയത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ സമരങ്ങളില്‍ സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കുന്നു. പ്രാദേശിക തലങ്ങളില്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടുകളും പാടില്ല. അവരുടെ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. മതേതര പാര്‍ട്ടികളുമായുള്ള സഹകരണം പോലെ മാത്രമെ കോണ്‍ഗ്രസുമായി സഹകരിക്കുകയുള്ളൂ. ഇതിനപ്പുറത്തേക്ക് കോണ്‍ഗ്രസിനെ അംഗീകരിക്കേണ്ടതില്ലെന്നും അവരുടെ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരടു രാഷ്ട്രീയ അടവു നയം അംഗീകരിച്ചത്. നേരത്തെ വിവിധ ഘടകങ്ങളില്‍ നിന്നുള്ള ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിരുന്നു. ഭേദഗതികളും പരിശോധിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിലും ഭേദഗതി അവതരിപ്പിക്കപ്പെട്ടു. നയത്തിന്റെ കാതലിനു വിരുദ്ധമായ ഭേദഗതികളുണ്ടായില്ല.
2015 ജനുവരിയില്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച് കീഴ്ഘടകങ്ങള്‍ക്കു ചര്‍ച്ചയ്ക്കു നല്‍കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കരടില്‍ 1432 ഭേദഗതികളും 36 നിര്‍ദേശങ്ങളും ലഭിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലും ഭേദഗതികള്‍ അവതരിപ്പിക്കപ്പെട്ടു. ഇതില്‍ സാങ്കേതിക പിഴവു ചൂണ്ടിക്കാട്ടുന്ന ഭേദഗതികളടക്കം 229 ഭേദഗതികള്‍ പരിഗണിച്ചു. 11 ഭേദഗതികള്‍ അംഗീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് 42 പേര്‍ സംസാരിച്ചു.
നയരേഖ അംഗീകരിക്കുന്നതിനെ ആന്ധ്ര പ്രദേശില്‍ നിന്നുള്ള ഒരു പ്രതിനിധി എതിര്‍ത്തു. എന്നാല്‍, ഒരാള്‍ ഒഴികെയുള്ളവര്‍ അംഗീകരിച്ച സാഹചര്യത്തില്‍ നയരേഖ വോട്ടിനിട്ടില്ല. ചര്‍ച്ചകളില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിശദമായ ചര്‍ച്ചകള്‍ കൂടാതെ സമീപനങ്ങള്‍ സ്വീകരിച്ചതാണു തിരിച്ചടിയായതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. അവലോകനം ഇത്രയധികം വൈകിയതിനും വിമര്‍ശനങ്ങളുണ്ടായി.
നേരത്തേ തന്നെ തിരിച്ചറിവുണ്ടാകണമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കില്ലായിരുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇതുവരെ സ്വീകരിച്ച നയങ്ങളിലെ പാളിച്ചകള്‍ വിലയിരുത്തുമ്പോള്‍ നേതൃത്വത്തിന്റെ വീഴ്ചകള്‍ കൂടുതല്‍ സ്വയം വിമര്‍ശനപരമായി ഉള്‍പ്പെടുത്തണമായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. കേരളത്തില്‍ നിന്നും പി. രാജീവ്, വി.വി. ദക്ഷിണാമൂര്‍ത്തി, എം.ബി. രാജേഷ്, ടി.എന്‍. സീമ എന്നിവരാണു സംസാരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. അടവു നയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രമേയമാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചത്. കേരളത്തിനും ബംഗാളിനും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ അജന്‍ഡയെ വിമര്‍ശിക്കുന്നതിനോടൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന സാമ്പത്തിക നയങ്ങളെ യും വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസ് നടപ്പാക്കിയിരുന്ന കോര്‍പ്പറേറ്റ് പ്രീണന നയം തന്നെയാണ് ബിജെപി പിന്തുടരുന്നതെന്ന വിമര്‍ശനവുമുണ്ട്. ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്ന നരേന്ദ്ര മോദി അമെരിക്കന്‍ നയങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ആരോപിക്കുന്നു. ഇതിനെതിരേ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കണമെന്നും ആഹ്വാ നം.

Top