രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് നിരോധിക്കണം തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതു നിരോധിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ. തെരഞ്ഞെടുപ്പു പരിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സമവായമുണ്ടാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ പൊതു അഭിപ്രായം പരിഗണിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ ശുപാര്‍ശ നില്‍കിയത്.

തെരഞ്ഞെടുപ്പുകളിലെ പണത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനുള്ള കാര്യങ്ങളാണു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും പ്രതിനിധികള്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിക്കണമെന്നതാണ് യോഗത്തിലുണ്ടായ ബദല്‍ നിര്‍ദ്ദേശം, എന്നാല്‍ ഈ പണം പാര്‍ട്ടികള്‍ക്ക് എങ്ങിനെ നല്‍കണമെന്നകാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നു.

തിരഞ്ഞെടുപ്പ് ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുന്ന ചില വിദേശരാജ്യങ്ങളിലെ രീതി പിന്തുടരണമെന്ന നിര്‍ദ്ദേശമുയര്‍ന്നെങ്കിലും സമവായമുണ്ടായില്ല. തിരഞ്ഞെടുപ്പ് കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക കോടതികളോ , ഹൈക്കോടതി ബഞ്ചുകളോ സ്ഥാപിക്കണമെന്നതാണ് യോഗത്തിലുയര്‍ന്ന മറ്റൊരു നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കമ്മീഷന് അധികാരം നല്‍കണമെന്നും പൊതു ആവശ്യമുയര്‍ന്നു.

Top