രാഷ്ട്രീയ ‘ചാണക്യനായി’ തിളങ്ങി വെള്ളാപ്പള്ളി; നനഞ്ഞ പടക്കമായി അന്തംവിട്ട് സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ഡല്‍ഹിയിലെ ഭരണ സിരാകേന്ദ്രത്തില്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മൊത്ത ‘കച്ചവടക്കാരനായി’, ബി.ജെ.പി പ്രസിഡന്റുമായി വെള്ളാപ്പള്ളി നടേശന്‍ ‘വിലപേശുമ്പോള്‍’ എല്ലാം ടി.വി. ചാനലുകളിലൂടെ നെടുവീര്‍പ്പിട്ട് കാണുകയായിരുന്നു സുകുമാരന്‍ നായര്‍.

സ്വന്തം സമുദായത്തില്‍പ്പെട്ട സുരേഷ് ഗോപിയെപോലും പടിയടച്ച് പുറത്താക്കി ഉമ്മന്‍ചാണ്ടിയുടെ ‘വിജയം’ ഉറപ്പ് വരുത്തിയ രാഷ്ട്രീയ ദീര്‍ഘവീക്ഷണം സകലകലാ വല്ലഭനായ സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ കരുനീക്കത്തിനു മുന്നില്‍ അപ്രസക്തമാവുകയായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നിലനിര്‍ത്താനും ഭരണ തുടര്‍ച്ചയുണ്ടാക്കാനും വഴി ഒരുക്കുന്നതാണ് തമ്മിലടിക്കുന്ന രണ്ട് ഹൈന്ദവ സംഘടനാ നേതാക്കളുടെയും നീക്കങ്ങളെന്നതാണ് ഇതില്‍ വിചിത്രമാകുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലനില്‍പ്പിന് നിര്‍ണ്ണായകമായ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ദൃശ്യ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി പെരുന്നയില്‍ സന്ദര്‍ശനം നടത്തിയ ബി.ജെ.പിയുടെ മുഖ്യ പ്രചാരകന്‍ സുരേഷ് ഗോപിയെ സിനിമാരംഗത്തെ അനുസ്മരിപ്പിക്കും വിധം ‘ലൈവായിട്ടാണ്’ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടത്.

പെരുന്നയിലെ സന്ദര്‍ശനത്തോടെ ബി.ജെ.പിക്ക് ലഭിക്കുമായിരുന്ന നായര്‍ വോട്ടുകള്‍ ഈ നടപടിമൂലം തിരിച്ചടിച്ചത് യു.ഡി.എഫിന് ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണ് ഭരണപക്ഷം.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പരസ്യമായ പിന്‍തുണ പ്രഖ്യാപിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ടിയിരുന്ന ഒരു വിഭാഗം ഹൈന്ദവ വോട്ടുകള്‍ അടര്‍ത്തിയെടുത്ത് യു.ഡി.എഫ് വിജയം ഉറപ്പു വരുത്തിയ വെള്ളാപ്പള്ളി ഒറ്റക്ക് ചാമ്പ്യനാകണ്ട എന്ന് കരുതിയാണ് സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയെ പുറത്താക്കി വാര്‍ത്തകളില്‍ താരമായത്.

ഈ രണ്ട് സമുദായ നേതാക്കളും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കേരളം ഭരിക്കണമെന്നാണത്രേ. വിശാല ഹിന്ദു താല്‍പ്പര്യം മുന്‍നിര്‍ത്തി ആദ്യം ഒന്നിക്കുകയും പിന്നീട് അടിച്ച് പിരിയുകയും ചെയ്ത പാരമ്പര്യമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുമുള്ളത്.

സമുദായത്തിന്റെ പേരില്‍ രണ്ടുപേരും വ്യക്തി താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാനാണ് ഭരണ സ്വാധീനം കൊണ്ട് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ടെങ്കിലും ഈ രണ്ട് നേതാക്കളെയും പ്രീണിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിശക് കാണിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സുരേഷ് ഗോപിയെ ‘ഗെറ്റ് ഔട്ട് ‘ അടിച്ചതോടെ സുകുമാരന്‍ നായരുമായി ഉടക്കിയ ബി.ജെ.പി സംസ്ഥാന നേതൃത്വം വെള്ളാപ്പള്ളിയുടെ താല്‍പ്പര്യം കൂടി മുന്‍ നിര്‍ത്തിയാണ് ഡല്‍ഹിയിലെ സുപ്രധാന കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയത്.

വരുന്ന തിരഞ്ഞെടുപ്പുകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായുടെ വീട്ടില്‍ സുപ്രധാന കൂടിയാലോചന നടക്കുമ്പോള്‍ സജീവമായി ഇടപെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും കൂടെയുണ്ടായിരുന്നു.

ചര്‍ച്ചയ്ക്ക് വെള്ളാപ്പള്ളി കയറിയത് മുതല്‍ രാത്രി ചര്‍ച്ചകള്‍ വരെ കേരളത്തിലെ ചാനലുകളില്‍ നിറഞ്ഞ് നിന്നത് വെള്ളാപ്പള്ളിയും എസ.്എന്‍.ഡി.പിയുമാണ്.

രണ്ട് മുന്നണികളില്‍ നിന്നും അര്‍ഹതപ്പെട്ട നീതി കിട്ടിയില്ലെന്ന വെള്ളാപ്പള്ളിയുടെ വാദം ഒരു വാദത്തിന് വേണ്ടി മാത്രമാണെന്നും യഥാര്‍ത്ഥ ലക്ഷ്യം ഇടതു വോട്ട് ബാങ്ക് തകര്‍ക്കുകയാണെന്ന യാഥാര്‍ത്ഥ്യം ചാനല്‍ ചര്‍ച്ചകളിലും പ്രകടമായിരുന്നു.

മുന്‍ കാലങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാരുകളെ വിറപ്പിച്ച് നിര്‍ത്താന്‍ എന്‍.എസ്.എസിന് ലഭിച്ച കരുത്താണ് അരുവിക്കര തിരഞ്ഞെടുപ്പോടെ വെള്ളാപ്പള്ളിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതും വെള്ളാപ്പള്ളി നടപ്പാക്കുന്നതും ഒന്നുതന്നെയാണെന്ന് വ്യക്തം. സത്യത്തില്‍ അരുവിക്കരയില്‍ എസ്.എന്‍.ഡി.പി പിന്‍തുണച്ചില്ലായിരുന്നുവെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് ഈ അനുകൂല മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമായിരുന്നു.

തദ്ദേശ സ്വയംഭരണ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ യു.ഡി.എഫിലും ബി.ജെ.പിയിലും ആരൊക്കെ സ്ഥാനാര്‍ത്ഥികളാവണമെന്നുവരെ നിശ്ചയിക്കാനുള്ള കരുത്ത് ഇപ്പോള്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും നേടിക്കഴിഞ്ഞു.

വിപ്ലവ – രാഷ്ട്രീയ – സാംസ്‌കാരിക നായകര്‍ ഉഴുതുമറിച്ച് പാകപ്പെടുത്തിയ കേരളത്തിന്റെ മണ്ണില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ പാകപ്പെടുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

Top