രാജ രാജേശ്വരി ന്യൂയോര്‍ക്കില്‍ ജഡ്ജിയാവുന്ന ആദ്യ ഇന്ത്യന്‍ വംശജ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജ രാജ രാജേശ്വരി ന്യൂയോര്‍ക്ക് ക്രിമിനല്‍ കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോര്‍ക്കില്‍ ജഡ്ജിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നാല്‍പ്പത്തിമൂന്നുകാരി രാജേശ്വരി. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് കൗമാരപ്രായത്തില്‍ ന്യൂയോര്‍ക്കിലേക്കു കുടിയേറി. പഠനത്തിനു ശേഷം പ്രമുഖ നിയമകാര്യ വിഭാഗങ്ങളില്‍ സേവനം ചെയ്തു.
ന്യൂയോര്‍ക്ക് മേയറാണു ജഡ്ജിയെ നിയമിക്കുന്നത്. പത്ത് വര്‍ഷമാണു സേവനകാലാവധി. രാജ രാജേശ്വരിക്കൊപ്പം മറ്റ് 27 ജഡ്ജിമാരും അധികാരമേറ്റു.
മറ്റുള്ളവരെ മനസിലാക്കാനുള്ള അസാമാന്യ കഴിവുള്ള വ്യക്തിയാണു രാജ രാജേശ്വരിയെന്നു സത്യപ്രതിജ്ഞാച്ചടങ്ങില്‍ മേയര്‍ പറഞ്ഞു. ഇത് എന്റെ അമെരിക്കന്‍ സ്വപ്നം മാത്രമല്ല, വിദൂരത്തു നിന്നുള്ള ഒരു രാജ്യത്തെ പെണ്‍കുട്ടിക്ക് ഉന്നത സ്ഥാനത്ത് എത്താന്‍ കഴിയുമെന്നതു കൂടിയാണു കാണിക്കുന്നതെന്നു മറുപടി പ്രസംഗത്തില്‍ രാജേശ്വരി പറഞ്ഞു. മികച്ച നര്‍ത്തകി കൂടിയായ രാജേശ്വരി അമെരിക്കയില്‍ ഭരതനാട്യവും കുച്ചുപ്പുടിയും അവതരിപ്പിക്കാറുണ്ട്.

Top