രാജ്‌നാഥ് സിങ്ങിനെയും നോക്കുകുത്തിയാക്കി; കേന്ദ്രത്തില്‍ മോഡിയുടെ ഗുജറാത്ത് ഭരണം

ന്യൂഡല്‍ഹി: ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയലിനെ മാറ്റിയ നടപടിയിലൂടെ വകുപ്പുമന്ത്രി രാജ്‌നാഥ് സിങ്ങിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര ഭരണം സമ്പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തിലാക്കി.

യു.പി കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ലോക് സിങ്ങിനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന രാജ്‌നാഥ് സിങ്ങിന്റെ ആവശ്യം നേരത്തേ തള്ളിപ്പോയിരുന്നു. അതിനു പുറമെയാണ് ഇപ്പോഴത്തെ തിരിച്ചടി.

രാജ്‌നാഥ് സിങ്ങ് ഏറെ പരിശ്രമിച്ചാണ് ഗോയലിനെ ആഭ്യന്തരമന്ത്രിയാക്കിയത്. ഇത് മോഡി മാറ്റിയതോടെ ആഭ്യന്തര മന്ത്രാലയത്തില്‍പോലും രാജ്‌നാഥ് സിങ്ങിന് വിലയില്ലാതായിരിക്കുകയാണ്.

ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും ആര്‍.എസ്.എസിന്റെ നോമിനിയുമായ രാജ്‌നാഥ് സിങ്ങിനെപ്പോലും നോക്കുകുത്തിയാക്കിയാണ് മോഡി ഭരണം തന്നില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

മോഡിയും മോഡി ഭക്തനായ അരുണ്‍ ജെയ്റ്റ്‌ലിയും ചേര്‍ന്നാണ് മറ്റ് മന്ത്രാലയങ്ങളിലെ കാര്യങ്ങള്‍ പോലും നിയന്ത്രിക്കുന്നത്. ഇതില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും കേന്ദ്ര മന്ത്രിമാരും അതൃപ്തരാണ്.

ബി.ജെ.പി മുന്‍ അധ്യക്ഷനായ നഗരവികസന മന്ത്രി നിധിന്‍ ഗഡ്ക്കരി, സുഷമ സ്വരാജ് അടക്കമുള്ളവര്‍ അതൃപ്തി അടക്കിപ്പിടിച്ചു കഴിയുകയാണ്. ഇതിനു പുറമെയാണ് കേന്ദ്ര ഭരണത്തില്‍ മോഡി വിശ്വസ്ഥരായ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥരെ കുത്തിനിറക്കുന്നത്.

സമീപകാലത്ത് നടത്തിയ ഉദ്യോഗസ്ഥതല അഴിച്ചുപണികളോടെ, ഗുജറാത്ത് കേഡര്‍ സിവില്‍ സര്‍വിസുകാരാണ് ഇപ്പോള്‍ സുപ്രധാന പദവികള്‍ കൈകാര്യംചെയ്യുന്നത്.

‘ഗുജറാത്ത് ഭരണ’ത്തിന്റെ ചിത്രം പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയില്‍നിന്ന് തുടങ്ങുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് കാര്യങ്ങള്‍ മിശ്രയുടെ കൈപ്പിടിയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ദേഹമായിരുന്നു.

പ്രധാനമന്ത്രിക്ക് നേരിട്ട് വിവരങ്ങള്‍ നല്‍കുകയാണ് മിശ്ര ചെയ്യുന്നത്. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെ ജോയന്റ് സെക്രട്ടറി അരവിന്ദ്കുമാര്‍ ശര്‍മ, മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ‘വൈബ്രന്റ് ഗുജറാത്ത്’ ആവിഷ്‌കരിച്ചയാളാണ്.

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജീവ് ടോപ്‌നോയും ഗുജറാത്ത് കേഡറാണ്. മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍ ഡയറക്ടറായിരുന്നു.

റവന്യൂ സെക്രട്ടറി ഹന്‍സ്മുഖ് അധിയ, ഊര്‍ജ സെക്രട്ടറി പ്രദീപ്കുമാര്‍ പൂജാരി, വാണിജ്യ സെക്രട്ടറി റിത എ. തിതോതിയ, കോര്‍പറേറ്റുകാര്യ സെക്രട്ടറി തപന്‍ റായ്, ശുചിത്വകാര്യ സെക്രട്ടറി വിജയ്‌ലക്ഷ്മി ജോഷി, കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയായ ഗൗരികുമാര്‍, പ്രധാനമന്ത്രി കാര്യാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ജഗദീഷ് തക്കര്‍ തുടങ്ങിയവരും ഗുജറാത്ത് കേഡറിലുള്ളവര്‍ തന്നെ.

ഗുജറാത്തില്‍ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ജി.സി. മുര്‍മു ഇപ്പോള്‍ എക്‌സ്പന്‍ഡിചര്‍ വിഭാഗം ജോയന്റ് സെക്രട്ടറിയാണ്. കല്‍ക്കരി മന്ത്രാലയ ജോയന്റ് സെക്രട്ടറി ആര്‍.പി. ഗുപ്ത, സാമ്പത്തികകാര്യ ജോയന്റ് സെക്രട്ടറി രാജ്കുമാര്‍ എന്നിവരും ഗുജറാത്ത് കേഡറിലുള്ളവരാണ്.

മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ രജനീഷ് കിഷോറും ഗുജറാത്തില്‍നിന്നാണ്. ധനകാര്യത്തിന്റെ തലപ്പത്തുള്ളവര്‍ പലരും ഗുജറാത്ത് കേഡറിലുള്ളവരാണ്. ബി.ജെ.പി അധ്യക്ഷന്‍ മോഡിയുടെ വിശ്വസ്ഥന്‍ അമിത് ഷാ ആയതോടെ കേന്ദ്ര ഭരണവും പാര്‍ട്ടി ഭരണവും ഇപ്പോള്‍ മോഡിയുടെ കൈകളിലാണ്.

Top