രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരേന്ദര്‍ സെവാഗ് വിരമിച്ചു

മുംബൈ: വീരേന്ദര്‍ സെവാഗ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു . മുപ്പത്തിയേഴാം ജന്മദിനത്തിലാണ് ട്വിറ്ററിലൂടെ സെവാഗിന്റെ വിരമിക്കല്‍ പ്രഖ്യാപനം .

ഐ.പി.എല്‍ മത്സരങ്ങളിലും കളിയ്ക്കില്ലെന്ന് വിരേന്ദര്‍ സേവാഗ് വ്യക്തമാക്കി. ഇന്നലെ തന്നെ സേവാഗ് വിരമിയ്ക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇന്നലെ ദുബായ്‌യില്‍ മാസ്റ്റേഴ്‌സ് ട്വന്റി20 ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സെവാഗ് പങ്കെടുക്കുന്നതിനിടെയാണ് അവിചാരിതമായ വാര്‍ത്ത വന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് പിന്നീട് സേവാഗ് വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഏക ഇന്ത്യക്കാരനാണ്. ഏകദിന ക്രിക്കറ്റിലും ഡബിള്‍ സെഞ്ചുറി നേടി. 104 ടെസ്റ്റുകളില്‍ നിന്ന് 8586 റണ്‍സും നേടി. 251 ഏകദിനങ്ങളില്‍ നിന്ന് 8273 റണ്‍സും നേടി. ടെസ്റ്റില്‍ 23 സെഞ്ച്വറികളും 32 അര്‍ദ്ധ സെഞ്ച്വറികളും നേടി. 319 റണ്ണാണ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.

ഏകദിനത്തില്‍ 219ഉം. ഏകദിനത്തില്‍ 15 സെഞ്ച്വറികളും 38 അര്‍ദ്ധസെഞ്ച്വറികളും നേടി. അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ അടക്കം 394 റണ്‍ നേടി. ടെസ്റ്റില്‍ നിന്ന് 40 വിക്കറ്റും ഏകദിനങ്ങളില്‍ നിന്ന് 96 വിക്കറ്റും സ്വന്തമാക്കി. 2007ല്‍ ട്വന്റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

Top