രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്ത പ്രധാനമന്ത്രി ഗുജ്‌റാള്‍ ?

ന്യൂഡല്‍ഹി:രാജ്യസുരക്ഷയുടെ കാര്യത്തില്‍ ചില പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച്ച ചെയ്‌തെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് ഐ.കെ ഗുജ്‌റാളിനെ ഉദ്ദേശിച്ചാണെന്ന് സൂചന.

ഗുജ് റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് പരീക്കര്‍ ആരോപിച്ചതാണ് ഗുജ് റാളാണ് പരീക്കര്‍ ഉദ്ദേശിച്ച പ്രധാനമന്ത്രിയെന്ന സംശയത്തിന് ഇട നല്‍കിയത്.

1997 മുതല്‍ 98 വരെ മാത്രമായിരുന്നു കോണ്‍ഗ്രസ് പിന്തുണയോടെ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്നത്. 2012ല്‍ അദ്ദേഹം മരിച്ചു.

മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്നായിരുന്നു മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ പരീക്കര്‍ തയ്യാറായിരുന്നില്ല.

മന്ത്രിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പരീക്കര്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെങ്കില്‍ രാജ്യസുരക്ഷയില്‍ വിട്ടു വീഴ്ച നടത്തിയ മുന്‍ പ്രധാനമന്ത്രിമാരുടെ പേര് വെളിപ്പെടുത്തണമെന്നും, അല്ലാത്ത പക്ഷം മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ പ്രതിരോധമന്ത്രി കുറച്ചുകൂടി വ്യക്തമായും, പക്വതയോടെയും പ്രസ്താവനകള്‍ നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയും ആവശ്യപ്പെട്ടു. ഒരു വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര പ്രതിരോധമന്ത്രി പരീക്കര്‍ നടത്തിയത്.

Top