രാജ്യസഭ: മമ്മൂട്ടിയുടെ പിന്‍തുണ ബ്രിട്ടാസിന്; എസ്എഫ്ഐ പ്രസിഡന്റും പരിഗണനയില്‍

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്ററും എം.പിയുമായ പി.രാജീവിന്റെ  പിന്‍ഗാമിയെ ചൊല്ലി സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു.

മാധ്യമരംഗത്തുനിന്ന് തന്നെ രാജീവിന് പിന്‍ഗാമി ഉണ്ടാകുകയാണെങ്കില്‍ കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസിനെയോ ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാവര്‍മ്മയേയോ പരിഗണിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.

കൈരളി ചെയര്‍മാന്‍ കൂടിയായ നടന്‍ മമ്മൂട്ടിയുടെ പിന്‍തുണ ഇക്കാര്യത്തില്‍ ജോണ്‍ ബ്രിട്ടാസിന് ഉണ്ടെങ്കിലും ദേശാഭിമാനിയില്‍ നിന്ന് തന്നെ വീണ്ടും പരിഗണന വരികയാണെങ്കില്‍ പ്രഭാവര്‍മ്മയ്ക്ക് നറുക്ക് വീഴും. ബ്രിട്ടാസിനെ പരിഗണിക്കണമെന്ന തന്റെ താല്‍പര്യം മമ്മൂട്ടി സി.പി.എം നേതാക്കളെ അറിയച്ചതായാണ് സൂചന.

അതേ സമയം  ‘ചിന്താ’ വാരികയുടെ മുന്‍ പത്രാധിപര്‍ സി.പി നാരായണന്‍ നിലവില്‍ രാജ്യസഭാ അംഗമായി ഉള്ളതിനാല്‍ ഇത്തവണ മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കേണ്ടെന്ന അഭിപ്രായം സി.പി.എം സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ബംഗാളില്‍ നിന്ന് രാജ്യസഭാ എം.പിമാരുടെ എണ്ണത്തില്‍ കാര്യമായ പ്രതീക്ഷയില്ലാത്തതിനാല്‍ ശക്തമായ ഇടപെടലുകള്‍ സഭയില്‍ നടത്താന്‍ ശേഷിയുള്ളവരെ മാത്രം പരിണിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുള്ളത്.

എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ. ശിവദാസനെ പരിഗണിക്കണമെന്ന താല്‍പര്യം സി.പി.എം  പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി അടക്കമുള്ള നേതാക്കള്‍ക്കിടയില്‍ ഉണ്ടെങ്കിലും  സി.പി.എം സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം കേന്ദ്ര നേതൃത്വം അംഗീകരിക്കാനാണ് സാധ്യത.

മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കേണ്ടെന്ന തീരുമാനമെടുത്താല്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്  ശിവദാസന് തന്നെയാണ്.

എസ്.എഫ്.ഐ ഹിമാചല്‍പ്രദേശ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ ലാത്തിചാര്‍ജുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവദാസന്‍ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്.

ദേശിയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിനും എം.പി പദവി ഗുണം ചെയ്യുമെന്നതിനാലാണ് ശിവദാസനെ പരിഗണിക്കുന്നത്.

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എം.ബി രാജേഷ് പാലക്കാട്ട് നിന്നുള്ള  ലോക്‌സഭാ അംഗമാണെന്നതും എസ്.എഫ്.ഐ പ്രസിഡന്റിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്

ഒഴിവ് വരുന്ന മറ്റ് രണ്ട് സീറ്റുകളില്‍ ഒന്നില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, പി.സി ചാക്കോ എന്നിവരെ കോണ്‍ഗ്രസ് പരിഗണിക്കുമ്പോള്‍ ലീഗില്‍ ഉയര്‍ന്നു വരുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെയും മുന്‍ എം.പി വഹാബിന്റെയും പേരുകളാണ്.

Top