രാജ്യസഭാ സീറ്റ് തര്‍ക്കം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം നാളെ

കോഴിക്കോട്: രാജ്യസഭ സ്ഥാനാര്‍ഥിയെ ചൊല്ലി അഭിപ്രായ വിത്യസം രൂക്ഷമായിരിക്കെ മുസ്‌ലിം ലീഗിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം നാളെ കോഴിക്കോട് നടക്കും. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും സംസ്ഥാന സെക്രട്ടറിയും വ്യവസായിയുമായ പി വി അബ്ദുല്‍ വഹാബും തമ്മിലാണ് സീറ്റിനായി രംഗത്തുള്ളത്. ഇരു വിഭാഗത്തിനുമായി മുതിര്‍ന്ന നേതാക്കളും സമുദായ സംഘടനകളും ചരടുവലികള്‍ ശക്തമാക്കിയതോടെ പ്രവര്‍ത്തക സമിതിക്ക് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും ആര് സ്ഥാനാര്‍ഥിയാകുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്.

രാജ്യസഭ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കേണ്ടത് ശനിയാഴ്ചയായതിനാല്‍ നാളെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരായിരിക്കുകയാണ്. ഒരു വിഭാഗത്തെ പിണക്കി പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും ഇത് വരും നാളുകളില്‍ ലീഗ് രാഷ്ട്രീയത്തിനുള്ളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം വഹാബിനോടാണെന്നാണ് റിപ്പോര്‍ട്ട്. ഇ കെ വിഭാഗം സുന്നികളുടെ സമ്മര്‍ദമാണ് ഇതിന് കാരണം. മജീദിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഇ കെ വിഭാഗം ലീഗ് നേതൃത്വത്തോട് രഹസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Top