രാജ്യസഭയിലേക്ക് സുധീരനെ വിട്ട് രണ്ടാമൂഴം ഉറപ്പ് വരുത്താന്‍ തന്ത്രവുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെ രാജ്യസഭയിലേക്ക് പറഞ്ഞ് വിട്ട് പാര്‍ട്ടിയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരുനീക്കം. രണ്ടാമൂഴത്തില്‍ മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ലക്ഷ്യമിടുന്നത് ഇതുതന്നെയാണ്. ഭരണപക്ഷത്ത് ജയസാധ്യതയുള്ള ഒരു സീറ്റില്‍ കോണ്‍ഗ്രസും മറ്റൊരു സീറ്റില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുമാണ് മത്സരിക്കുന്നത്.

ഒഴിവുള്ള മൂന്ന് സീറ്റില്‍ ഒരു സീറ്റില്‍ മാത്രമാണ് പ്രതിപക്ഷത്തിന് ജയസാധ്യത. ഈ സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാണ് മത്സരരംഗത്തുണ്ടാവുക. ബാര്‍ വിവാദത്തിന് തിരികൊളുത്തിയ സുധീരനാണ് ഇപ്പോള്‍ സര്‍ക്കാരിനും മുന്നണിക്കുമുണ്ടായ പ്രതിസന്ധിക്ക് കാരണമെന്നാണ് കോണ്‍ഗ്രസിലെ എ.ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലെ വികാരം.

418 ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സുധീരന്‍ എടുത്ത നിലപാട് തുറന്ന ബാറുകള്‍ പൂട്ടുന്ന സാഹചര്യമൊരുക്കുകയും തുടര്‍ന്ന് ഹൈക്കോടതി ഇടപെടലും ബാര്‍കോഴ ആരോപണവുമെല്ലാം ക്ഷണിച്ച് വരുത്തുകയുമായിരുന്നുവെന്നാണ് ഇരു ഗ്രൂപ്പുകളിലേയും മുതിര്‍ന്ന വിഭാഗം നേതാക്കളുടെ അഭിപ്രായം.

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രമെ അവശേഷിക്കുന്നുള്ളു എന്നതിനാല്‍ സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ സ്ഥാനമോഹികള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന്റെ പരിഗണനയില്‍ വരുമ്പോള്‍ കെപിസിസി പ്രസിഡന്റ് സുധീരന്റെ നിലപാട് നിര്‍ണായകമാകും എന്നതാണ് സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്.

വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിക്കസേര ഒരു സ്വപ്നമായി കൊണ്ടു നടക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കേരളത്തിലെ സുധീരന്റെ സാന്നിദ്ധ്യത്തെ ആശങ്കയോടെയാണ് കാണുന്നത്. അവസാന നിമിഷം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി യുഡിഎഫ് സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാക്കാന്‍ ഹൈക്കമാന്റ് ശ്രമിക്കുമോ എന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ശക്തമായ പിന്‍തുണയുള്ള സുധീരന്‍ ഗ്രൂപ്പുകള്‍ക്കതീതമായി ശക്തനാവുന്ന സാഹചര്യം ഒഴിവാക്കാനും രാജ്യസഭാ അംഗത്വം വഴി കഴിയുമെന്ന കാഴ്ചപ്പാടിലാണ് ഗ്രൂപ്പ് നേതാക്കള്‍.

‘അപകടം’ മുന്നില്‍ കണ്ട് താന്‍ രാജ്യസഭയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വി.എം സുധീരന്‍ ഇതിനകംതന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരേസമയം രണ്ട് പദവി വഹിക്കാന്‍ പറ്റില്ലെന്ന വാദം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ഉയരുമെന്ന്‌ സുധീരന് തന്നെ അറിയാം.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് സുധീരന്റെ തീരുമാനം.

സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്നും ആഗ്രഹിക്കുന്ന സുധീരന്‍ അനുകൂലികളായ കോണ്‍ഗ്രസ് നേതാക്കള്‍ എ-ഐ ഗ്രൂപ്പുകളുടെ ചതിയില്‍ വീഴരുതെന്ന് സുധീരനെ ഉപദേശിച്ചതായും സൂചനയുണ്ട്. വയലാര്‍ രവി, പി.സി ചാക്കോ എന്നിവരില്‍ ആരെയെങ്കിലും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നതാണ് അവരുടെ ആവശ്യം.

അതേസമയം സുധീരനും വയലാര്‍ രവിയും മത്സരിക്കുന്നില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി എം.ലിജു, മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തങ്കച്ചനും ലിജുവിനും വേണ്ടി ഐ ഗ്രൂപ്പാണ് ആവശ്യമുന്നയിക്കുന്നത്.

കെ.സി വേണുഗോപാലുമായി ഉടക്കുകയും കെപിസിസി പ്രസിഡന്റിനെ വിമര്‍ശിക്കുകയും ചെയ്തതാണ് ഷാനിമോള്‍ ഉസ്മാന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. മഹിളാ പ്രാധാന്യം ലഭിക്കുകയാണെങ്കില്‍ തനിക്ക് നറുക്ക് വീഴുമെന്ന പ്രതീക്ഷയിലാണ് ഷാനിമോള്‍.

Top