രാജ്യസഭാ തെരഞ്ഞെടുപ്പ്: പാര്‍ട്ടിയുടെ ‘മാധ്യമ മുഖങ്ങളെയും’ സിപിഎം പരിഗണിക്കുന്നു…

തിരുവനന്തപുരം: ഏപ്രില്‍ 16ന് നടക്കുന്ന രാജ്യസഭാ തെരെഞ്ഞടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മിലെ ‘മാധ്യമ മുഖമായ’ മൂന്ന് പത്രപ്രവര്‍ത്തകരെയും പരിഗണിക്കുന്നു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോടും ഔദ്യോഗിക പക്ഷത്തിനോടും അടുത്തബന്ധമുള്ള  കൈരളി ടി.വി മേധാവി ജോണ്‍ ബ്രിട്ടാസ്, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ്, ദേശാഭിമാനി കള്‍സള്‍ട്ടന്റ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി എന്നിവരുടെ പേരുകളാണ് സിപിഎം നേതൃത്വത്തിന്റെ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.

കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു ലോക്‌സഭാ സീറ്റില്‍ നിയമസഭയിലെ കക്ഷിനില അനുസരിച്ച് രണ്ടു സീറ്റ് യുഡിഎഫിനു ലഭിക്കും. ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമേ എല്‍ഡിഎഫിനു വിജയിപ്പിക്കാനാവൂ. ഏപ്രില്‍ 21ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്, സി.പി.ഐ നേതാവ് എം.പി അച്യുതന്‍ എന്നിവരുടെ കാലാവധിയാണ് കഴിയുന്നത്. രാജീവ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായതിനാല്‍ പാര്‍ട്ടി രാജ്യസഭാ സീറ്റില്‍ രണ്ടാമൂഴം നല്‍കില്ല.

ഒറ്റ സീറ്റു മാത്രമുള്ളതിനാല്‍ സിപിഐയുടെ അവകാശവാദവും നിലനില്‍ക്കില്ല. അതിനാല്‍ രാജ്യസഭയിലേക്കു കടക്കാന്‍ തന്ത്രപരമായ നീക്കം സിപിഎം ഔദോഗിക നേതൃത്വത്തിന്റെ ഗുഡ് ലിസ്റ്റിലുള്ള മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി അണിയറയില്‍ നടക്കുന്നതായാണ് സൂചന.

സിപിഎം വിഭാഗീയതയില്‍ പിണറായിക്കുവേണ്ടി വി.എസിനെതിരെ കടുത്ത നിലപാട് എടുത്തവരാണ് മൂന്നു പേരും. ചാനല്‍ ചര്‍ച്ചകളില്‍ പിണറായിയുടെ വക്താവായാണ് മാധവന്‍കുട്ടി സംസാരിക്കാറ്. ദേശാഭിമാനിയിലൂടെ പിണറായിക്കെതിരായ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നത് മനോജാണ്. പിണറായിയുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മിടുക്കനാണ് ബ്രിട്ടാസ്. ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ആയിരിക്കെയാണ് പി.രാജീവിനെ സിപിഎം രാജ്യസഭയിലേക്ക് പരിഗണിച്ചത് എന്നത് ഈ മുന്നുപേരുടെയും സാധ്യതകള്‍ക്ക് പിന്‍ബലമേകുന്നതാണ്.

യുഡിഎഫിലെ രണ്ടു സീറ്റില്‍ ഒന്നില്‍ സിറ്റിങ് എം.പി വയലാര്‍രവിയും രണ്ടാമത്തേതില്‍ ലീഗും പിടിമുറുക്കുന്നുണ്ട്. വയലാര്‍രവിയെ വെട്ടാന്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും രംഗത്തുണ്ട്.

Top