രാജ്യം ഭരിക്കേണ്ടത് മത സംഘടനകളല്ല രാഷ്ട്രീയ പാര്‍ട്ടികളാണ്: ജി.സുകുമാരന്‍ നായര്‍

ചങ്ങനാശേരി: രാജ്യഭരണം നടത്തേണ്ടത് മതസംഘടനകളല്ല, രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് എന്‍എസ്എസ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമാകണം . എങ്കിലേ ശക്തമായ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടാകു. അതിനുമാത്രമെ ജനാധിപത്യത്തെ ശക്തപ്പെടുത്താനാകുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ, വിശാല ഹിന്ദുഐക്യത്തില്‍ പങ്കാളിയാകാനോ എന്‍എസ്എസ് ഒരുക്കമല്ല. അതിനുവേണ്ടി നേതൃത്വം നല്‍കുന്നവരുമായി പങ്കുചേര്‍ന്ന് ചര്‍ച്ച നടത്താനും ആഗ്രഹിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

ഹൈന്ദവസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിശാല ഹിന്ദുഐക്യം ഉപകരിക്കുമെങ്കില്‍ നല്ലത് തന്നെയാണ്. അതിന് എന്‍എസ്എസ് എതിരല്ല. അവകാശങ്ങള്‍ സംരക്ഷിക്കുന്നത് മറ്റ് മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ ഭീഷണിയാകാനും പാടില്ല.

കാലങ്ങളായി വിശാല ഹിന്ദുഐക്യത്തിന് തടസ്സമായി നില്‍ക്കുന്ന സംവരണ വ്യവസ്ഥിതിക്ക് പരിഹാരമുണ്ടാകണം. അതെല്ലാം മറച്ച് വെച്ച് വിശാല ഹിന്ദു ഐക്യത്തിന് എന്‍എസ്എസും തങ്ങളും തയ്യാറെടുക്കുന്നുവെന്ന ചിലരുടെ പ്രസ്ഥാവന വസ്തുതാവിരുദ്ധമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Top