രാജ്യത്ത് സ്വര്‍ണം ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന

മുംബൈ: രാജ്യത്ത് ഏപ്രില്‍-മെയ് മാസങ്ങളിലെ സ്വര്‍ണം ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന രേഖപ്പെടുത്തി. 155 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 96 ടണ്‍ ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്.

ഇറക്കുമതിക്കുള്ള നിയന്ത്രണത്തില്‍ ആര്‍ബിഐ ഇളവ് വരുത്തിയതും ആഗോള വിപണിയില്‍ വിലയിടിഞ്ഞതുമാണ് ഇറക്കുമതി വര്‍ധിക്കാനിടയാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആഭരണ നിര്‍മാണത്തിനാണ് സ്വര്‍ണം കൂടുതലായി ഉപയോഗിക്കുന്നത്.

വന്‍തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് കറന്റ് അക്കൗണ്ട് കമ്മിയുണ്ടാകാന്‍ ഇടയാക്കുമെന്നതിനാലാണ് നേരത്തെ ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തയത്.

വിദേശ കറന്‍സിയുടെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. ഇറക്കുമതി മൂല്യം കയറ്റുമതി മൂല്യത്തേക്കാള്‍ ഉയരുമ്പോഴാണ് അക്കൗണ്ട് കമ്മിയുണ്ടാകുക.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സാഹായിക്കും.

കുറച്ച് മാസങ്ങളായി സ്വര്‍ണവില താഴ്ന്ന നിലവാരത്തിലാണ് തുടരുന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ ഔണ്‍സിന് 1,095 ഡോളര്‍ നിലവാരത്തിലാണ് ജൂലായ് 31ന് വ്യാപാരം അവസാനിപ്പിച്ചത്.

Top