രാജ്യത്ത് എടിഎം ഇടപാടുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

atm

മുംബൈ: രാജ്യത്ത് എടിഎമ്മിന്റെയും ഡെബിറ്റ് കാര്‍ഡുകളുടെയും എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇടപാടുകളുടെ എണ്ണം കുറയുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി, 2012 ഡിസംബറിനും 2014 ഡിസംബറിനും ഇടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഈകാലയളവില്‍ ദിനംപ്രതിയുള്ള ശരാശരി ഉപയോഗം 137 ല്‍നിന്ന് 108 ആയി കുറഞ്ഞു. 21 ശതമാനമാണ് കുറവുണ്ടായത്. അതേസമയം, ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 31.44 കോടിയില്‍നിന്ന് 50 കോടിയായി കൂടുകയും ചെയ്തു. എടിഎമ്മുകളുടെ എണ്ണമാകട്ടെ 105,784ല്‍നിന്ന് 176,410 ആയി.

ഒരേ സ്ഥലത്തുതന്നെ വിവിധ ബാങ്കുകളുടെ ഒന്നില്‍കൂടുതല്‍ എടിഎമ്മുകള്‍ ഉള്ളതിനാലാണ് ശരാശരി ഇടപാടിന്റെ എണ്ണം കുറഞ്ഞതെന്ന് ബാങ്കുകള്‍ പറയുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയാക്കുന്നതിനായി ഒട്ടേറെ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇതാണ് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ ഇത്തരം കാര്‍ഡുകളിലൂടെ ഇടപാടുകള്‍ നടക്കുന്നില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. പുതുതായി തുടങ്ങിയ എടിഎമ്മുകള്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലുമാണ്. ഇവയ്ക്ക് ആളുകളുടെ ഇടയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ എന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി പറയുന്നു.

ഇതിനെല്ലാം പുറമെ മാസത്തില്‍ അഞ്ചില്‍ കൂടുതല്‍ തവണ എടിഎം ഇടപാട് നടത്തിയാല്‍ പണം ഈടാക്കാന്‍ കഴിഞ്ഞ നവംബറിലാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഇടപാടിന്റെ എണ്ണം കുറച്ചതാകാം കാരണമെന്നും വിലയിരുത്തലുണ്ട്.

Top