രാജ്യത്ത് ഇന്ധന വില കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി. പെട്രോളിന് 3രൂപ 13 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് 7 രൂപയും ഡീസലിന് 5 രൂപയുമാണ് കൂടിയത്.അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 65 ഡോളറിന് അടുത്തെത്തിയ സാഹചര്യത്തിലാണ് പൊതുമേഖല എണ്ണകമ്പനികള്‍ ആഭ്യന്തരവിപണിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചത്.

ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 3 രൂപ 13 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്.ഡല്‍ഹിയിലേതിന് സമാനമായ വര്‍ധന എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകും. കഴിഞ്ഞ മാസം 30ന് ചേര്‍ന്ന എണ്ണകമ്പനികളുടെ അവലോകനയോഗത്തില്‍ പെട്രോളിന് 3 രൂപ 96 പൈസയും ഡീസലിന് 2 രൂപ 37 പൈസയും കൂട്ടിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിന് ശേഷം രാജ്യത്ത് പത്ത് തവണയായി പെട്രോളിന് 17 രൂപ 11 പൈസയും ഡീസലിന് 12 രൂപ 96 രൂപയും കുറച്ചിരുന്നു.ഇതിന് ശേഷമാണ് എണ്ണകമ്പനികള്‍ പെട്രോള്‍ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. നേരത്തെ ആഗോള വിപണിയില്‍ എണ്ണ വില 25 ഡോളറിനടുത്തെത്തിയിരുന്നെങ്കിലും അതിനനുസരിച്ച് വില കുറക്കാന്‍ എണ്ണകമ്പനികള്‍ തയ്യാറായിരുന്നില്ല. വിലകൂടുമ്പോള്‍ മാത്രം ആഗോളവിപണിക്കനുസരിച്ച് നീങ്ങുന്ന കമ്പനികളുടെ നയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Top