രാജ്യത്തേക്ക് തിരിച്ചുവരില്ല: ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാരന്‍

കല്യാണ്‍: രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാരന്‍ ഫഹദ് ഷെയ്ഖ്. ജിഹാദി പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണ്. തന്റെ സമൂഹത്തെ അംഗീകരിക്കാത്ത രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫഹദ്. മുംബൈ കല്യാണ്‍ സ്വദേശിയായ ഇയാള്‍ കുടുംബാംഗങ്ങളെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ഫോണിലൂടെയും സ്‌കൈപ്പിലൂടെയും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയത്.

തനിക്കൊപ്പം ഐഎസില്‍ ചേരാനെത്തിയ സഹിം തങ്കി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഇയാള്‍ സ്ഥിരീകരിച്ചു. തങ്കി കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങള്‍ ഇയാള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തു. സിറിയയില്‍ റാഖയിലെ ഏതു മേഖലയിലാണെന്നോ എന്താണു ചെയ്യുന്നതെന്നോ വ്യക്തമാക്കാന്‍ ഇയാള്‍ തയാറായില്ല. ഒരു വര്‍ഷത്തിനു ശേഷമാണു ഫഹദ് കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെടുന്നത്.

വീട്ടുകാരുമായി ഷെയ്ഖ് ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ എന്‍ഐഎ ശേഖരിക്കുകയും ഇയാളുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷമാണു പന്‍വേലിയിലെ കല്‍സേക്കര്‍ കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിനു പഠിച്ചിരുന്ന അമന്‍ ടന്‍ഡന്‍, ഫഹദ്, ആരിബ് മജീദ് എന്നിവര്‍ ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പുറപ്പെട്ടത്. ഹയര്‍ സെക്കന്‍ഡറിയോടെ പഠനം അവസാനിപ്പിച്ച തങ്കിയും ഇവര്‍ക്കൊപ്പം കൂടി. ഇതില്‍ ആരിബ് മജീദ് തിരിച്ചെത്തി. ഇയാള്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. തങ്കി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അമന്‍ ടന്‍ഡനും ഫഹദും ഐഎസില്‍ തുടരുകയാണ്. ഇറാക്കില്‍ തീര്‍ഥാടനത്തിനു പോകുന്നുവെന്നു പറഞ്ഞാണ് നാലു പേരും രാജ്യം വിട്ടത്. പിന്നീട് ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി കുടുംബാംഗങ്ങളെ അറിയിച്ചു.

Top