സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: രാജ്യത്തെ സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംവരണത്തിനെതിരായ സമരത്തിന് ആര്‍എസ്എസ് പിന്തുണ നല്‍കുകയാണ്. ഇതിനെതിരെ എസ്എന്‍ഡിപിയും മുസ്ലീംലീഗും മൗനം പാലിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഗുജറാത്തിലെ പട്ടേല്‍സമരം സംവരണ വിരുദ്ധമാണ്. ഈ സമരത്തിന് പിന്നില്‍ ആര്‍എസ്എസാണ്. സ്വകാര്യ മേഖലയിലും പട്ടികജാതി പട്ടികവര്‍ഗ സംവരണം നടപ്പാക്കണം. മുന്നോക്ക സമുദായത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും സംവരണം നല്‍കണമെന്നതാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനമെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംവരണ പ്രശ്‌നം, സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച് ഒക്ടോബര്‍ ഒമ്പതിന് പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ വൈകിട്ട് നാലിന് ബഹുജന ധര്‍ണ സംഘടിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചതായി കോടിയേരി അറിയിച്ചു. എല്‍ഡിഎഫിന്റെ നേതൃത്വത്തിലായിരിക്കും സമരം നടത്തുക.

കേരളത്തിലെ മൂന്നു ലക്ഷത്തോളം തോട്ടം തൊഴിലാളികള്‍ ഇപ്പോള്‍ സമരത്തിലാണ്. തോട്ടം ഉടമകളുടെ താല്‍പര്യങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. തോട്ടം മുതലാളിമാരെ സര്‍ക്കാര്‍ നിലനിര്‍ത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മീറ്റര്‍ റീഡിംഗിലെ പുതിയ ഉത്തരവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വരുത്തണം. ബാര്‍കോഴ കേസില്‍ വിജിലന്‍സ് നടപടി സര്‍ക്കാരിന്റെ ആയുസ് കൂട്ടാനാണെന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളി നടേശനെതിരെ ഉയര്‍ത്തിയ ആരോപണം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. എസ്എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്ക് എത്ര പണം കൈപറ്റിയെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തണം. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് വെളിവാക്കുന്നത്. എസ്എന്‍ഡിപിയുടെ മുന്‍ ജനറല്‍ സെക്രട്ടറിമാരില്‍ പലരും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സമുദായത്തിലെ സ്ഥാനം രാജിവെയ്ക്കാനുള്ള മാന്യത ആര്‍. ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കാട്ടിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Top