രാജ്യത്തെ വിമാനങ്ങളില്‍ ഇനി വൈ ഫൈയും

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങളില്‍ ഇനി മുതല്‍ വൈ ഫൈ സംവിധാനവും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നു റിപ്പോര്‍ട്ട്. വിമാനക്കമ്പനികളുടെയും യാത്രക്കാരുടെയും നിരന്തര അഭ്യര്‍ഥനമാനിച്ചാണു കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഇതു സംബന്ധിച്ച് ടെലികോം വകുപ്പുമായി ചര്‍ച്ച നടത്തിയതായി വ്യോമയാന മന്ത്രാലയവൃത്തങ്ങള്‍. പദ്ധതിക്ക് ടെലികോം വകുപ്പ് പച്ചക്കൊടി കാണിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള സ്‌പെക്ട്രം അനുവദിക്കാന്‍ ടെലികോം വകുപ്പിനാണ് അധികാരമുള്ളത്. ഇവരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വിമാനങ്ങളില്‍ വൈ ഫൈ സംവിധാനം ലഭ്യമാകൂ. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികളായ ലുഫ്താന്‍സ, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എന്നിവയില്‍ മാത്രമാണു വൈ ഫൈ സംവിധാനമുള്ളത്. സര്‍ക്കാര്‍ അനുവാദം നല്‍കുന്നതോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കും വൈ ഫൈ സംവിധാനം നടപ്പാക്കാന്‍ സാധിക്കും.

സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള ബജറ്റ് എയര്‍ലൈന്‍സുകള്‍ പോലും സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ ശുപാര്‍ശ സ്വാഗതം ചെയ്യുന്നതായി സ്‌പൈസ് ജെറ്റ് സിഒഒ സഞ്ജീവ് കപൂര്‍. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ വിമാനങ്ങളില്‍ വൈ ഫൈ സംവിധാനമുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നു സൗത്ത് ഏഷ്യ ചീഫ് എക്‌സിക്യൂട്ടീവ് കപില്‍ കൗള്‍. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. യാത്രയ്ക്കിടയിലെ വിരസത ഒഴിവാക്കാനും തീരുമാനം സഹായകമാകും.
ഭൂമിയിലുള്ള മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളെ വിമാനങ്ങളില്‍ സ്ഥാപിക്കുന്ന വൈ ഫൈ സെര്‍വറുകളുമായി ബന്ധിപ്പിച്ചാണു യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെയും വൈ ഫൈ സംവിധാനം നടപ്പാക്കാം.
പത്തു വര്‍ഷത്തിനുള്ളില്‍ 14,000 വിമാനങ്ങളില്‍ വൈ ഫൈ സംവിധാനം ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് മുന്‍പന്തിയില്‍. വൈ ഫൈ സംവിധാനം നടപ്പാക്കുന്നതോടെ യാത്രക്കാരില്‍ നിന്ന് കൂടുതല്‍ ചാര്‍ജ് ഈടാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.

Top