രാജ്യത്തെ കയറ്റുമതി വരുമാനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി വരുമാനം ആഗസ്തില്‍ 2126 കോടി ഡോളറായി ഇടിഞ്ഞു. തുടര്‍ച്ചയായ ഒമ്പതാം മാസമാണ് കയറ്റുമതിയില്‍ ഇടിവുണ്ടാകുന്നത്. മുന്‍ വര്‍ഷം ആഗസ്തിലെ 2680 കോടി ഡോളറിനെ അപേക്ഷിച്ച് 20.66 ശതമാനമാണ് ഇടിവ്.

ആഗോള സാമ്പത്തിക മാന്ദ്യവും ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവുമാണ് കയറ്റുമതി വരുമാനം കുറയാന്‍ ഇടയാക്കിയത്.

രാജ്യം ഏറ്റവും ഒടുവില്‍ കയറ്റുമതി വളര്‍ച്ച കൈവരിച്ചത് 2014 നവംബറിലാണ്. 7.27 ശതമാനമായിരുന്നു അന്നത്തെ വളര്‍ച്ച. അതിന് ശേഷം തുടര്‍ച്ചയായ ഇടിവാണ് കയറ്റുമതി വരുമാനത്തിലുണ്ടായത്.

വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് ഈ ആഗസ്തില്‍ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. 9.95 ശതമാനം ഇടിവോടെ 3374 കോടി ഡോളറായാണ് ഇറക്കുമതി ചെലവ് കുറഞ്ഞത്. എന്നിട്ടും കയറ്റുമതി വരുമാനത്തിലെ ഇടിവ് മൂലം വ്യാപാരക്കമ്മി 1247 കോടി ഡോളറായി ഉയര്‍ന്നു. 2014 ആഗസ്തില്‍ 1066 കോടി ഡോളറായിരുന്നു വ്യാപാരക്കമ്മി.

വില ഇടിഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണ ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നു. 495 കോടി ഡോളറിന്റെ സ്വര്‍ണ ഇറക്കുമതിയാണ് ഈ വര്‍ഷം ആഗസ്തില്‍ നടന്നത്. 2014 ആഗസ്തിലെ 206 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 140 ശതമാനത്തിന്റെ കുതിപ്പാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായത്.

പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 47.88 ശതമാനവും എന്‍ജിനീയറിങ് ഉത്പന്നങ്ങളുടേത് 29 ശതമാനവും ഇടിഞ്ഞു. ലെതര്‍ ഉത്പന്നങ്ങള്‍ (12.78 ശതമാനം), സമുദ്രോത്പന്നം (20.83 ശതമാനം), കാര്‍പ്പെറ്റ് (22 ശതമാനം) എന്നിവയുടെ കയറ്റുമതിയിലും കാര്യമായ ഇടിവുണ്ടായി.

കയറ്റുമതി തുടര്‍ച്ചയായി ഇടിയുന്നത് കയറ്റുമതിക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കയറ്റുമതിയിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ.) ആവശ്യപ്പെട്ടു.

Top