രാജ്യത്തെ അഞ്ച് പ്രധാനമേഖലയിലെ കയറ്റുമതിയില്‍ 25 ശതമാനം ഇടിവ്

ന്യൂഡൽഹി: ഇന്ത്യയിലെ അഞ്ച് പ്രധാന മേഖലകളിലെ കയറ്റുമതി ആഗസ്തിൽ ഇടിഞ്ഞു. 25 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. എൻജിനീയറിങ്, പെട്രോളിയം, ജെംസ് ആൻഡ് ജ്വല്ലറി, ടെക്സ്‌റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ് മേഖലകളാണ് കയറ്റുമതിയിൽ മോശം പ്രകടനം നടത്തിയത്.

1333 കോടി ഡോളറാണ് ഈ അഞ്ച്‌ മേഖലകളുടെയും ആകെ കയറ്റുമതി വരുമാനം. കഴിഞ്ഞ വർഷം ആകെ കയറ്റുമതി വരുമാനത്തിന്റെ 65 ശതമാനവും ഈ മേഖലകളുടെ സംഭാവനയായിരുന്നു. 1779 കോടി കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലകൾ കഴിഞ്ഞ വർഷം നടത്തിയത്.

എൻജിനീയറിങ്, പെട്രോളിയം, ടെക്സ്‌റ്റൈൽ മേഖലകളിലെ കയറ്റുമതിയിൽ നെഗറ്റീവ് വളർച്ചയുണ്ടായി. ജെംസ് ആൻഡ് ജ്വല്ലറി 2.66 ശതമാനവും ഫാർമസ്യൂട്ടിക്കൽ മേഖല ആറ്‌ ശതമാനവും വളർച്ചയുണ്ടാക്കി.

കയറ്റുമതിയിലെ ഇടിവ് ആശങ്കയുണ്ടാക്കിയതിനെത്തുടർന്ന് വാണിജ്യ മന്ത്രാലയം ഈ മാസം ഏഴിന് കയറ്റുമതിക്കാരുടെ യോഗം വിളിച്ചിട്ടുണ്ട്.

2020-ഓടെ സാധന, സേവന കയറ്റുമതി 9000 കോടി ഡോളറിന്റേതാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിലൂടെ ആഗോള കയറ്റുമതിയിൽ രാജ്യത്തിന്റെ വിഹിതം നിലവിലെ രണ്ട്‌ ശതമാനത്തിൽ നിന്ന് 3.5 ശതമാനമാക്കി ഉയർത്താനാകുമെന്നാണ് പ്രതീക്ഷ.

Top