മംഗള്‍യാന്‍: ചൈനയും ജപ്പാനും പരാജയപ്പെട്ടിടത്ത് ഇന്ത്യയുടെ വിജയം

ബംഗ്ലൂര്‍: ചൈനയും ജപ്പാനും പരാജയപ്പെട്ടിടത്ത്  ഇന്ത്യയുടെ ജയം. ചുവന്ന ഗ്രഹത്തെ നമ്മള്‍ ചുംബിച്ചിരിക്കുന്നു. അഭിമാനിക്കാം, നമുക്ക് ഈ നിമിഷങ്ങളെയോര്‍ത്ത്…

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയപ്പോള്‍ ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയായിരുന്നു.  എല്ലാ എന്‍ജിനുകളും മുന്‍നിശ്ചയപ്രകാരം കൃത്യമായി പ്രവര്‍ത്തിച്ചതാണ് ഈ മഹാദൗത്യത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

സാങ്കേതിക വിദ്യയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുള്ള ചൈനയും ജപ്പാനും ചൊവ്വാ ദൗത്യത്തില്‍ പരാജയപ്പെട്ടിടത്താണ് ഇന്ത്യ വിജയം കുറിച്ചിരിക്കുന്നത് എന്നത് ഏറെ പ്രശംസനീയമാണ്.

മംഗള്‍യാനില്‍ നിന്ന് ആദ്യ സിഗ്‌നലുകള്‍ ലഭിച്ചുതുടങ്ങി. ചൊവ്വാ ദൗത്യം വിജയിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു എസ്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് ഇതിന് മുമ്പ് ചൊവ്വാ ദൗത്യത്തില്‍ വിജയിച്ചത്. എന്നാല്‍ ഇവരാരും ആദ്യ ദൗത്യത്തില്‍ വിജയിച്ചിരുന്നില്ല. നവംബര്‍ അഞ്ചിന് പ്രയാണമാരംഭിച്ച മംഗള്‍യാന്‍ ഇന്ന് രാവിലെ 07:17:32 നാണ് അവസാന കുതിപ്പ് നടത്തി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. മാര്‍സ് ഓര്‍ബിറ്ററിലെ പ്രധാന ഊര്‍ജ സ്രോതസ്സായ ന്യൂട്ടണ്‍ ലിക്വിഡ് അപോജീ മോട്ടോറും (എല്‍ എ എം ലാം) എട്ട് ചെറു ദ്രവ എന്‍ജിനുകളും 24 മിനുട്ട് വിജയകരമായി ജ്വലിപ്പിച്ചതോടെയാണ് ഇന്തയുടെ ചൊവ്വാ സ്വപ്നങ്ങള്‍ സഫലമായത്. ആറ് മാസത്തോളം ചൊവ്വയെ വലംവെച്ച് ചിത്രങ്ങളും മറ്റ് വിവരങ്ങളും ഭൂമിയിലേക്ക് അയച്ചുതരും. രാജ്യത്തിന് മഹാവിജയം സമ്മാനിച്ച ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷിയായതെന്ന് പറഞ്ഞ പ്രധാനമന്ത്രി അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യക്ക് സാധിച്ചതായി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച നടത്തിയ ലാമിന്റെ പരീക്ഷണ ജ്വലനം വിജയകരമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് നടത്തിയ ജ്വലനത്തിന് ശേഷം പ്രവര്‍ത്തനരഹിതമായി കിടന്ന യന്ത്രം പ്രവര്‍ത്തനസജ്ജമാണോ എന്ന് ഉറപ്പ് വരുത്തുകയായിരുന്നു പരീക്ഷണ ജ്വലനത്തിന്റെ ലക്ഷ്യം. തിങ്കളാഴ്ച രാവിലെ മുതല്‍ മംഗള്‍യാന്‍ ചൊവ്വാ ഗ്രഹത്തിന്റെ ആകര്‍ഷണ മേഖലയിലാണ് സഞ്ചരിക്കുന്നത്. അതിനിടെ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ മേവന്‍ പേടകം ചൊവ്വാ ഭ്രമണത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു

Top