രാജ്യത്തിന്റെ വാണിജ്യ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാം മാസവും രാജ്യത്തിന്റെ വാണിജ്യ കയറ്റുമതി ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2015 ജൂണില്‍ കയറ്റുമതി 15.82 ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തിക്കൊണ്ട് 2,230 കോടി ഡോളറായി കുറഞ്ഞെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.

മുന്‍വര്‍ഷം മെയില്‍ കയറ്റുമതി 2,650 കോടി ഡോളറിന്റേതായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തെ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തില്‍ 16.75 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 6,670 കോടി ഡോളറായി.

ഇറക്കുമതിയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായി. ഇറക്കുമതി 13.4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി 3,310 കോടി ഡോളറായി.

മെയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണില്‍ വ്യാപാര കമ്മി കുറവു രേഖപ്പെടുത്തി. 2014 ജൂണില്‍ 1,180 കോടി ഡോളറായിരുന്ന വ്യാപാര കമ്മി 2015ല്‍ 1,090 കോടി ഡോളറായി.

ഏപ്രില്‍-ജൂണ്‍ കാലയളവിലെ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.61 ശതമാനത്തിന്റെ ഇടിവോടെ 9,890 കോടി ഡോളറായി കുറഞ്ഞപ്പോള്‍ വ്യാപാര കമ്മി 3,220 കോടി ഡോളറായി കുറഞ്ഞു. മുന്‍വര്‍ഷം ആദ്യപാദത്തില്‍ 3,310 കോടി ഡോളറായിരുന്നു വ്യാപാര കമ്മി.

Top