രാജി നാടകത്തിലെ തിരക്കഥ പൊളിഞ്ഞു; രാജി ഗണേഷ് പറഞ്ഞിട്ടെന്ന് ഇടവേള ബാബു

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പറേഷനില്‍ (കെഎസ്എഫ്ഡിസി) നിന്നും തങ്ങള്‍ രാജിവച്ചത് മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരമാണെന്ന് നടനും താര സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറിയുമായ ഇടവേള ബാബു. ഒരു സിനിമാ പ്രവര്‍കത്തകനുമായി ഇടവേള ബാബു സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ട് മനോരമ ചാനലാണ് ഈ രാജി നാടകം പൊളിച്ചത്.

രാഷ്ട്രീയക്കാര്‍ കെഎഫ്ഡിസിയുടെ തലപ്പത്ത് വന്നാല്‍ സിനിമാ മേഖല തകരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം രാജിവച്ചത്.

വൈസ് ചെയര്‍മാനായ ഇടവേള ബാബു അംഗങ്ങളായ സംവിധായകന്‍ ഷാജി കൈലാസ്, നടന്‍ മണിയന്‍പിള്ള രാജു, കാലടി ഓമന തുടങ്ങിയവരായിരുന്നു രാജിവച്ചിരുന്നത്.

സര്‍ക്കാര്‍ നടപടി പുനപരിശോധിക്കുംവരെ സര്‍ക്കാരുമായി താരങ്ങള്‍ സഹകരിക്കില്ലെന്നും ഭീഷണിയുണ്ടായിരുന്നു. കെഎസ്എഫ്ഡിസിയിലെ അഴിമതി അന്വേഷിക്കുമെന്ന് പുതിയ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജിക്ക് പിന്നിലെ തിരക്കഥ പുറത്തായിരിക്കുന്നത്.

‘ഗണേഷന്‍ നിയമിച്ച തങ്ങള്‍ ഗണേശന്‍ പറഞ്ഞാല്‍ രാജിവെക്കണ്ടെയെന്നാണ്’ ഇടവേള ബാബു വിവാദ ടെലിഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നത്. ഉണ്ണിത്താനല്ല ആരുവന്നാലും കൂടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന ഇടവേള ബാബുവിന്റെ നിലപാട് സിനിമാ പ്രവര്‍ത്തകരുടെ ‘ഉള്ളിലിരിപ്പാണ് ‘ വ്യക്തമാക്കുന്നത്.

Top