രാജസ്ഥാന് അവസാന പന്തില്‍ ജയം

വിശാഖപട്ടണം: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ നേരിട്ട രാജസ്ഥാന്‍ റോയല്‍സിന് അവസാന പന്തില്‍ ജയം. ഐപിഎല്‍ എട്ടാം സീസണിലെ അവരുടെ തുടര്‍ച്ചയായ നാലാം ജയവുമായി ഇത്. ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അജിങ്ക്യ രഹാനെ(62)യുടെ അര്‍ധശതകമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. എളുപ്പത്തിലുള്ള വിജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന് പക്ഷേ അതിനായി അവസാന പന്തു വരെ കാത്തിരിക്കേണ്ടിവന്നു. അവസാന പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാനെ ഫോക്‌നര്‍ ബൗണ്ടറിയിലൂടെ വിജയത്തിലെത്തിക്കുകയായിരുന്നു. നാല് വിക്കറ്റുകള്‍ അപ്പോഴേക്കും അവര്‍ക്ക് നഷ്ടമായി. മത്സരത്തിലെ ഏക അര്‍ധശതകം സ്വന്തമാക്കിയ രഹാനെയാണ് കളിയിലെ താരം. സഞ്ജു സാംസണ്‍ 26 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍(21), നമന്‍ ഓജ(25), ഇയാന്‍ മോര്‍ഗന്‍(27), രവി ബൊപാര(23) എന്നിവരാണ് ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത്.

Top