രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് 221 റണ്‍സ്

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഇന്ത്യയുടെ 408 റണ്‍സിന് മറുപടിയായാണ് ആസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നത്. ആസ്‌ട്രേലിയന്‍ നിരയില്‍ ക്രിസ് റോജേഴ്‌സും (55) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (പുറത്താകാതെ 65) അര്‍ധസെഞ്ച്വറി നേടി. ഡേവിഡ് വാര്‍ണര്‍ 29 ഉം വാട്‌സണ്‍ 25 ഉം ഷോണ്‍ മാര്‍ഷ് 32 ഉം റണ്‍സെടുത്ത് പുറത്തായി. സ്റ്റീവന്‍ സമിത്തിനൊപ്പം ഏഴ് റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷലാണ് ഇന്ന് കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. ഉമേഷ് യാദവാണ് ഇന്ത്യക്കുവേണ്ടി മൂന്ന് വിക്കറ്റും വീഴ്ത്തിയത്. അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഇന്ത്യ 408 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റിന് 311 എന്ന ഭേദപ്പെട്ട നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ന് 97 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യന്‍ കഴിഞ്ഞത്.

കഴിഞ്ഞദിവസം ഓപണര്‍ മുരളി വിജയ് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാരില്‍ രഹാനെ ഒഴികെ ആര്‍ക്കും വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്താനായില്ല.

അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹസില്‍വുഡാണ് ആസ്‌ട്രേലിയന്‍ ബൗളിംഗിനെ മുന്നില്‍ നിന്ന് നയിച്ചത്. ഹസില്‍വുഡിന് മികച്ച പിന്തുണ നല്‍കിയ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ മാര്‍ഷലും ഷെയ്ന്‍ വാട്‌സണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നിലാണ് ആസ്‌ട്രേലിയ.

Top