യോഗ മതേതരം, വിശ്വാസത്തെ ഹനിക്കില്ല: യുഎസ് കോടതി

വാഷിങ്ടണ്‍: യോഗ പരിശീലനം ഹിന്ദുമതത്തിലേക്കുള്ള വാതിലല്ലെന്നും അത് ആരുടെയും മതവിശ്വാസത്തെ ഹനിക്കുന്നില്ലെന്നും അമെരിക്കന്‍ കോടതി. സാന്‍ഡിയാഗോയിലെ എന്‍സിനിറ്റാസ് യൂണിയന്‍ എലിമന്ററി സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ വിദ്യാലയങ്ങളില്‍ യോഗ പരിശീലിപ്പിക്കുന്നതിനെതിരേ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളി കാലിഫോര്‍ണിയ ഫോര്‍ത്ത് ഡിസ്ട്രിക്റ്റ് കോടതിയുടെയാണ് വിധി.

സ്‌കൂളുകളിലെ യോഗ പരിശീലിപ്പിക്കുന്നതിന് മതവുമായി ബന്ധമില്ല. യോഗ പരിശീലിക്കുന്നത് ഒരാളുടെ മതവിശ്വാസത്തെ ബാധിക്കില്ല. അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ കോടതി ഇടപെടേണ്ട കാര്യമില്ല. യോഗയില്‍ വ്യായാമങ്ങളും മനസംസ്‌കരണത്തിനുള്ള പാഠങ്ങളും മാത്രമാണുള്ളതെന്നു കോടതി അഭിപ്രായപ്പെട്ടു.

യോഗാഭ്യാസം ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ ഇത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി രണ്ട് കുട്ടികളുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. കോടതിവിധിയില്‍ നിരാശയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ ഡീ ബ്രോയ്ല്‍സ് പറഞ്ഞു. ഇവരുടെ ഹര്‍ജി നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.

Top